ഇഫ്താറിൽ പാഴാകുന്നത്,എത്രയോ പേരുടെ വയറ് നിറക്കും…????
ഇഫ്താറിൽ പാഴാകുന്നത്,എത്രയോ പേരുടെ വയറ് നിറക്കും…????
ചില കാഴ്ചകൾ വലിയ ചിന്തകളിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോകാറുണ്ട്,പല നല്ല വാർത്തകളും ജനിക്കുന്നത് ഇത്തരം കാഴ്ചാനന്തരമുള്ള ചിന്തകളിൽ നിന്നാണ്.
കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഗൾഫിലെ മാധ്യമപ്രവർത്തകനാണ്.2011 ലെ നോന്പ് കാലത്തിന് ശേഷം ഇക്കുറിയാണ് നാട്ടിൽ പോകാതെ റംസാൻ മാസക്കാലത്ത് ഇവിടെയാകുന്നത്.
ആരെയും വേദനിപ്പിക്കാനോ,വിമർശിക്കാനോ അല്ല, ഈ കുറിപ്പ് മറിച്ച് സ്വംയം വിമർശനാത്മകമായി കുറിക്കുന്ന ചില വാക്കുകൾ മാത്രം.
ഇഫ്താർ വിരുന്ന് ആഡംബരത്തിന്റെയും,പണക്കൊഴുപ്പിന്റെയും,പെരുമയുടെയും വിരുന്നുകളായി മാറുന്നുണ്ടോയെന്ന ചെറിയ ചിന്തയിൽ നിന്നാണ് ഈ എഴുത്ത്.
കാരണം മറ്റൊന്നുമല്ല,ദുബായിലെ ഏതൊരു ചെറിയ ഹോട്ടലിൽ പോയാലും ഇഫ്താർ വിഭവങ്ങളുടെ നീട്ടിയെഴുതിയ നോട്ടീസ് ബോർഡുകളാണ്,ചിലർ നന്നായി പണം മുടക്കി യുഎഇയുടെ രാജപാതയായ ഷെയ്ഖ് സായിദ് റോഡിലടക്കം കൂറ്റൻ പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നു.മറ്റുചിലർ പത്രങ്ങളിലും ചാനലുകളിലും വലിയ പണം മുടക്കിൽ പരസ്യങ്ങൾ നൽകുന്നു.
എന്തിനാണ് ഈ ഇഫ്താർ വിരുന്നുകൾ?
എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ വീടിന്റെ അടുത്ത് ജമീല ചേച്ചിയുടെ വീടുണ്ട് ഏഴ് മക്കളുണ്ട് അവിടെ അവരിൽ അൻസിൽ എന്നോടൊപ്പമാണ് പഠിച്ചത്.നോന്പ് കാലത്ത് വൈകുന്നേരം ഞങ്ങൾ കുട്ടികളെല്ലാം കൂടി തരിക്കഞ്ഞി കുടിക്കാൻ പോകും,ചില സമയത്ത് ജമീല ചേച്ചി നല്ല എണ്ണയിൽ വറുത്തെടുത്ത വിഭവങ്ങൾ വീട്ടിലും കൊണ്ടുത്തരും,പെരുന്നാളിന് മീൻ കച്ചവടക്കാരായ ജമീല ചേച്ചിയുടെ വീട്ടിൽ നിന്നാണ് ഞങ്ങളെല്ലാം ഭക്ഷണം കഴിച്ചിരുന്നത്. ഞങ്ങളുടെ വീട്ടിൽ പെസഹാദിവസം പാലു കാച്ചുന്പോൾ പാലും റൊട്ടിയും പുളിപ്പില്ലാത്ത അപ്പവും അവിടെയും ഞങ്ങൾ കൊടുക്കും,
ഇന്നും ആ അയൽപ്പക്കസ്നേഹത്തിന്റെ രുചി നാവിലുണ്ട്.ഒരു തരി ഭക്ഷണം പോലും അന്ന് മാലിന്യമാകുന്നത് ഞാൻ കണ്ടിട്ടില്ല,വയറുനിറയെ കിട്ടാത്തതിന്രെ കൊതി മാത്രമെ അന്നുണ്ടായിരുന്നുള്ളു.
കുറച്ച് കണക്കുകളാണ് ആദ്യം കുറിക്കുന്നത്.
ലോകത്ത് ഐക്യരാഷ്ട്ര സഭയുടെ കണക്കിൽ ഇന്ന് 42 ദരിദ്ര രാജ്യങ്ങളുണ്ട്.ഇതിൽ ആഫ്രിക്കൻ രാജ്യങ്ങളാണ് കൂടുതൽ,ജിബൂത്തി എന്ന സ്ഥലത്ത് ഞാൻ പോയിട്ടുണ്ട്,യെമനിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട്.കൂട്ടത്തിൽ ബംഗ്ലാദേശും നേപ്പാളുമൊക്കെയുണ്ട്.
ഇനി ഭക്ഷണക്കണക്കുകളിലേക്കാണ് നിങ്ങളുടെ കണ്ണുകളെ ക്ഷണിക്കുന്നത്.
വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കിൽ ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിലെ ഒരു കുട്ടിക്ക് മൂന്ന് മാസത്തേക്കുള്ള ഭക്ഷണത്തിന് ചിലവ് 50 ഡോളാറാണ് അതായത് 185 ദിർഹം.ദുബായിലെ ഒരു പ്രമുഖ റംസാൻ മജ്ലിസിൽ ഇഫ്താർ വിരുന്നിന് ഒരാൾക്ക് ചിലവാകുന്നത് 170ദിർഹമാണ് ( ഇഫ്താർ ബുഫെ 140ഉം, വാലേ പാർക്കിംഗിന് 30 ഉം)
അങ്ങനെ ആയിരങ്ങൾ ചിലവാകുന്ന ഇഫ്താർ ഹോട്ടൽ വിഭവങ്ങൾ എത്രയെത്ര.
ലോകമാകമാനം 300 ബില്യൺ ബാരൽ എണ്ണയം,ആകെയുള്ള കുടിവെള്ളത്തിന്റെ 25 ശതമാവുമാണ് ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിക്കുന്നത്.
യുഎഇയിലെ സെന്റർ ഫോർ വേസ്റ്റ് മാനേജ്മെന്റിന്റെ കണക്കിൽ ദിവസവും 38ശതമാനം ഭക്ഷണം ദുബായിൽ മാത്രം മാലിന്യകുപ്പയിലെത്തുന്നുണ്ട്.ഇതിൽ മാലിന്യത്തിന്റെ അളവ് ഏറെ കൂടുന്നത് റംസാൻ മാസത്തിലാണെന്നതാണ് ഏറെ അതിശയം.
ഗൾഫ് ന്യൂസിനെ പഴയ കോപ്പികൾ തപ്പിക്കിട്ടിയ മറ്റൊരു കണക്കിങ്ങനെ 2014ലെ അബുദാബി മുനിസിപ്പാലിറ്റിയുടെ കണക്കിൽ പതിനൊന്ന് ലക്ഷം ടൺ മാലിന്യമാണ് ശേഖരിച്ചത് ഇതിൽ 39 ശതമാനവും ഭക്ഷ്യമാലിന്യമായിരുന്നു.വികസനത്തിന്റെ ഉച്ചിയിൽ നിൽക്കുന്ന അമേരിക്ക വർഷം തോറും പുറംതള്ളുന്ന മാലിന്യത്തിൽ നാൽപത് ശതമാനവും ബാക്കിവന്ന ഭക്ഷണം തന്നെ.
മറ്റൊരു രസകരമായ കണക്കുണ്ട്
,ലോകത്ത് കണക്കെടുത്താൽ കഴിക്കാൻ വേണ്ടി ഉത്പാദിപ്പിക്കുന്ന വിഭവങ്ങളുടെ മൂന്നിൽ ഒരു ഭാഗം കുപ്പത്തൊട്ടിയിലേക്കാണ് പോകുന്നത്.
വിശപ്പിന്റെ വില അറിയാൻ കൂടിയാണ് ശരിക്കും നോന്പ് കാലം.വിശക്കുന്നവന്റെ വയറ് നിറക്കാനും.
ഇഫ്താറിന്റെയും സുഹൂറിന്റെയും ആഡംബര മട്ടുപ്പാവിലേക്കാണ് ഇനി..
ഇഫ്താർ വിരുന്നുകൾ സ്റ്റാറ്റസിന്റെ ഭാഗമായി മാറിയിരിക്കുന്നു.കന്പനികളും വ്യക്തികളും തങ്ങളുടെ പേരും മഹിമയും ഉയർത്തിപ്പിടിക്കുന്ന രീതിയിലാണ് ഇഫ്താർ ടെന്റുകൾ സജ്ജമാക്കിയത്.ദുബായിലെ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ ഇഫ്താറുകൾ സംഘടിപ്പിച്ചാൽ മാത്രമെ യശ്ശസ് ഉയരൂ എന്ന രീതിയിലാണ് ചിലർ ഇഫ്താറുകൾ നടത്തിയത്.കുറ്റം പറയാനാകില്ല,ചില കന്പനികളും വ്യക്തികളും ഇത്തരത്തിൽ ഇഫ്താറുകൾ നടത്താൻ നിർബന്ധിതമാകുന്നുണ്ട്.പക്ഷേ ചില ആഡംബരങ്ങൾ കുറക്കേണ്ടിയിരിക്കുന്നു.
എന്റെ സുഹൃത്ത് കാനഡയിലെ ഒരു കഥ പറഞ്ഞു.ഇഫ്താർ വിരുന്നിന് ശേഷം ബല്ലി ഡാൻസ് ഉണ്ടായിരുന്നുവെന്ന്..എന്ത് പറയാൻ…
ദുശ്ശീലങ്ങളെ ഒഴിവാക്കാൻ കൂടിയുള്ളതാണ് പരിശുദ്ധ റംസാൻ മാസം,ചില ഇഫ്താർ ടെന്റുകൾ ഷീശകളാണ് സമൃദ്ധമാണ്.ചില ഇടങ്ങളിൽ യൂറോ കപ്പിന്റെ ആവേശത്തിലാണ് ഇഫ്താർ മേശകൾ സജ്ജമാക്കിയിട്ടുള്ളത്.
ഇതിൽ കൂടുതൽ എന്ത് വേണം…ഭക്ഷണം വിളന്പാനും ഓർഡറെടുക്കാനും ചില ഇഫ്താർ വിരുന്നുകളിൽ നിൽക്കുന്നവരെ കാണുന്പോൾ തന്നെ കണ്ണുതള്ളും..
എന്ത് വിശ്വാസമാണ് ഇത്തരം സ്ഥലങ്ങളിൽ വളരുക,ആരാണ് ഇവിടെ പശ്ചാത്തപത്തിന്റെയും മനസ്താപത്തിന്റെയും ചിന്തകൾ ഉയർത്തുക.
ആഡംബര സൌകര്യത്തിൽ ഇഫ്താർ വിരുന്ന് നടത്തിയ ഒരു ബിസിനസ്സുകാരൻ പറയുന്നത് കേട്ടു,സത്യത്തിൽ ഇത് ശരിക്കും ഇസ്ലാമിന് ചേർന്നതാണോ,നമ്മുടെ കുഞ്ഞുന്നാളിൽ എത്ര ഭയഭക്തിയോടെയാണ് മുപ്പത് ദിനരാത്രങ്ങൾ നോന്പനുഷ്ടിച്ചത്,
‘’നമ്മുടെ മക്കൾ ഈ പുതിയ കാഴ്ചകളല്ലേ കണ്ടുപഠിക്കുന്നതെന്ന്’’,
ചിലപ്പോൾ നാം ആശക്തരാകും,അതും ഞാൻ അംഗീകരിക്കുന്നു.
ക്രിസ്തു ശിഷ്യരിൽ പ്രമുഖനായ വിശുദ്ധ പത്രോസ് പറഞ്ഞൊരു വാചകമുണ്ട്,
ഞാൻ ഇഛിക്കുന്ന നൻമല്ല,ഇഛിക്കാത്ത തിൻമയാണ് ചെയ്യുന്നതെന്ന്.
ആരുടെയും അപ്രീതി സന്പാദിക്കാനല്ല,പക്ഷേ ചില ബോധ്യങ്ങളിൽ നിന്നാണ് ഈ കുറിപ്പ്.
നമുക്ക് ചുറ്റും കഷ്ടത അനുഭവക്കുന്നവർക്ക് നാം പാഴാക്കുന്ന,അന്യായമായി ചിലവാക്കുന്നചിലത് മാറ്റിവക്കാം.
എല്ലാവർക്കും നൻമകൾ മാത്രം നേരുന്നു..
Share
Comments