ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...
ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...
ഐപ്പ് വള്ളികാടൻ
വികാരഭരിതമെന്നും,വീഢിത്തമെന്നും,വിവരക്കേടെന്നും,വെടിക്കെട്ടെന്നും എന്റെ എഴുത്തിനെ വിമർശിച്ചവർക്കും അനുകൂലിച്ചവർക്കും നന്ദി......
വിമാനാപകടമോ മറ്റേതെങ്കിലും അപകടമുണ്ടാകുന്പോഴോ ലാപ്ടോപ്പ് ബാഗെടുക്കാൻ നിർദേശിക്കുന്നതോ,അതിനെ ന്യായീകരിക്കുന്നതോ അല്ലായിരുന്നു എന്റെ എഴുത്തന്ന് ആദ്യം തന്നെ വ്യക്തമാക്കട്ടെ.അത്തരം ചിന്തകൾക്ക് വാക്കുകൾ വഴിമരുന്നിട്ടെങ്കിൽ അത് കത്തിക്കരുതെന്നും അപേക്ഷ.
ഇന്ത്യാക്കാരെ പ്രത്യേകിച്ച് മലയാളികളെ മോശക്കാരാക്കുന്ന വികാരപ്രോക്ഷോപത്തിനും,കൊതിയോടെ കൊണ്ട് വരുന്ന നാട്ട് വിഭവങ്ങളെ ട്രോളാക്കിയ വികാരത്തെയാണ് ഞാൻ എഴുത്തിലൂടെ വേറൊരു തലത്തിലേക്കെത്തിക്കാൻ ശ്രമിച്ചത്.
പക്ഷേ ഒരു കാര്യം തീർച്ചയാണ്,അണ്ടിയോടടുക്കോന്പോൾ അറിയാം പുളി എന്നൊരു പഴഞ്ചൊല്ലുണ്ട്.എന്റെ എഴുത്തിനെ വളരെ രൂക്ഷമായി വിമർശിച്ച ചില ആളുകളോട് ഞാൻ ചോദിച്ചു.നിങ്ങൾക്കാണ് ഈ അവസ്ഥ ഉണ്ടായതെങ്കിൽ എന്ത് ചെയ്യും,തലക്ക് മുകളിലുള്ള രേഖകളാൽ സന്പന്നമായ ലാപ്ടോപ്പ് പോലുമില്ലാത്ത ബാഗ് നിങ്ങളെടുക്കുമോ ഇല്ലയോ,തെല്ലൊന്നാലിച്ച് അവരിൽ പലരും പറഞ്ഞ മറുപടി ചിലപ്പോൾ ശ്രമിക്കും എന്നായിരുന്നു.
എമിറേറ്റ്സ് വിമാനത്തിന്റെ ഉൾ ദൃശ്യങ്ങളിൽ നാം കണ്ടതും അത്തരം ഒരു ശ്രമമായിരുന്നു.പക്ഷേ ഇത്തരം സന്ദർഭങ്ങളിൽ അത് ഒഴവാക്കികൂടേ എന്ന ചോദ്യത്തിന് പൂർണമായ തോതിൽ ശരിയാണ് എന്ന ഉത്തരം നൽകുന്നില്ല,കാരണം ചിലപ്പോൾ ഞാനൊന്ന് ശ്രമിച്ചേക്കും.പക്ഷേ ശ്രമിക്കാതിരിക്കുന്നതാണ് ഉചിതം എന്ന വാദഗതിയോട് ചേർന്ന് നിൽക്കാനും ശ്രമിക്കും.കാരണം പരിക്ക് പറ്റിയത് പ്രവാസി മലയാളികൾ കൊണ്ടുവന്ന അമ്മയും ഭാര്യയും പെങ്ങളും കാമുകിയും ഉണ്ടാക്കിയ പോത്തിറച്ച് വേവിച്ചതെന്ന രീതിയിൽ പരന്ന ട്രോളുകളും വാട്സ് ആപ്പ് സന്ദേശങ്ങൾക്കും എതിരെ ഒരു സാധാരണ പ്രവാസിയുടെ വികാരവിചാരങ്ങൾ ചേർത്തരച്ചാണ് എഴുതിയത്.
വിമാനജോലിക്കാരും,വിമാനയാത്രക്കാരും സംയോജിച്ച വലിയൊരു സുഹൃത് ബന്ധം എനിക്കുണ്ട്,സുരക്ഷാ മാനദണ്ഡങ്ങൾ മാത്രം നിരത്തിയാണ് ഞാനിന്നലെ എഴുതിയിരുന്നതെങ്കിൽ എന്റെ ഫേസ് ബുക്കിലെയും ബ്ലോഗിലെയും സ്ഥിരം സുഹൃത്തുക്കൾ അത് വായിച്ചിട്ടോ അല്ലാതെയോ കൊള്ളാം,നന്നായിട്ടുണ്ട് എന്ന ചില വാക്കുകൾ കോരിയിട്ട് പോയേക്കാം ചിലപ്പോൾ ചിലർ അത് പങ്കുവക്കുകയും ചെയ്തേക്കാം.എന്തായാലും എന്റെ എഴുത്ത് ചില തർക്ക വിതർക്കങ്ങൾക്ക് വേദിയൊരുക്കി.അത്തരം ഒരു എഴുത്തായതുകൊണ്ട് വലിയ ചർച്ചകളിലേക്ക് കൂടി വഴി വച്ചു എന്നറിയോന്പോൾ ഞാനെഴുതിയ രീതി നന്നായി എന്ന് തന്നെയാണ് എന്റെ വിശ്വാസം.ഓൺലൈൻ പത്രങ്ങളിൽ ചിലത് എന്റെ എഴുത്തിനെ ആവാഹിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഞാൻ അവർക്ക് വേണ്ടിയല്ല അതെഴുതിയത് എന്ന് താഴ്മയോടെ പറയട്ടെ..ഞാൻ, ഞാനെന്ന പ്രവാസിയുടെ ഉൾത്തുടിപ്പുകളാണ് അതിലെഴുതിയത്.
ചിലർ എന്റെ എഴുത്തിനെ തെറ്റിദ്ധരിച്ചിട്ടുണ്ട്,പുരകത്തുന്പോൾ കഴുക്കോൽ ഊരുക എന്ന മട്ടിലാണ് എന്റെ എഴുത്ത് വായിച്ച് ചിലർ ധരിച്ചത്.സുഹൃത്തുക്കളെ അങ്ങനെ ഒന്നുമല്ല,ഒരു സാധാരണ പ്രവാസിയുടെ ലാപ് ടോപ് ബാഗിലെ രഹസ്യങ്ങൾ മാത്രമാണ് ഞാൻ തുറന്ന് പറഞ്ഞത്.
നാട്ടിലേക്കുള്ള ലഗേജ് കൂടന്പോൾ അധികമായത് നാട്ടിലെത്തിക്കാനുള്ള വളരെ പ്രചാരമുള്ള ഒരു നടപടിക്രമമാണ് ഈ ലാപ്ടോപ് ബാഗിലെ കുത്തിനിറക്കൽ,
മാക് ബുക്ക് പ്രോ(king of lap tos) ഉപയോഗിക്കുന്ന സുഹൃത്ത് എനിക്കുണ്ട്,ആശാൻ പാലക്കാട്ടേക്ക് പോകുന്പോൾ ഇതെടുത്ത് വീട്ടിലെ അലമാരിയിൽ വക്കും എന്നിട്ട് അതിനുള്ളിൽ കയറ്റാവുന്നതൊക്കെ കയറ്റിവിടും..എന്നിട്ട് പറയും...''അല്ല പിന്നെ’'
വിമാനം പൊട്ടിത്തെറിക്കാൻ നിൽക്കുന്പോൾ ലാപ്ടോപ് ബാഗെടുക്കാൻ മറക്കരുതെന്ന് വായനക്കാരോട് പറയാനല്ല ഞാൻ വാക്കുകൾ കുത്തിക്കുറിച്ചത് അത് ആ അർത്ഥതലത്തിലെടുക്കാൻ ആത്മാർത്ഥമായി അപേക്ഷിക്കുന്നു.
പക്ഷേ അമേരിക്കക്കരും ലണ്ടൻകാരും ഓസ്ട്ടലിയക്കാരുമൊക്കെ ഇമ്മാതിരി പണികൾ കാണിച്ചിട്ടുണ്ട്.കഴിഞ്ഞ സെപ്റ്റംബറിൽ ബ്രിട്ടീഷ് എയർവേസ് ഇത്തരത്തിൽ ക്രാഷ് ലാന്റിംഗ് നടത്തിയപ്പോൾ ട്രോളി ബാഗുകൾ ഉരുട്ടിക്കൊണ്ടാണ് വിദ്യാസന്പന്നരും ആഢ്യത്തത്തിൽ ലോകത്തെ തന്നെ മുന്നിലുള്ള ബ്രീട്ടീഷുകാർ വിമാനം വിട്ടത്.അന്ന് ഈ പ്രവർത്തിയെ വിമാനത്തിന്റെ പൈലറ്റ് രൂക്ഷമായ ഭാഷയിൽ അപലപിക്കുകയും ചെയ്തു.അമേരിക്കയിലും ഇത്തരം കാര്യം ഏതാനും മാസങ്ങൾക്ക മുന്പ് നടന്നിരുന്നു.നാം മലയാളികൾ(ഇന്ത്യാക്കാർ)മാത്രമെ ഇത്തരം കാര്യങ്ങൾ ചെയ്യാറുള്ളു എന്ന മട്ടിൽ പരന്നതിനെയാണ് ഞാൻ എതിർക്കാൻ ശ്രമിച്ചത്.
എല്ലാം ഒരു വിശ്വാസമാണ്,ആകാശവീഥികളിൽ നിന്ന് അപ്രത്യക്ഷമാകുന്ന എത്രയോ വിമാനക്കഥകൾ നാം കേൾക്കുന്നു,വിമാനത്തിന്റെ പൊടിപോലും കിട്ടില്ല,തീവണ്ടിയോ,കരയിലൂടെ ഓടുന്ന ഏത് തരം വാഹനമോ,എന്തിന് കപ്പലുകൾക്ക് പോലും ഈ ഗതി ഉണ്ടാവില്ല,പക്ഷേ കോടിക്കണക്കിന് പേർ ഗൂഗിൽ മാപ്പിൽ പോലും ഇല്ലാത്ത ആകാശവീഥിയിലുടെ പൈലറ്റിലും വിമാനകന്പനിയിലും മാത്രം പ്രതീക്ഷയും വിശ്വാസവും അർപ്പിച്ച് യാത്ര ചെയ്യുന്നു.
ഇനിയുള്ള യാത്രക്കിടയിൽ ഓർക്കാൻ ചില കാര്യങ്ങൾ പറയട്ടെ..
പാസ്പോർട്ട് പറ്റുമെങ്കിൽ ആണുങ്ങൾ പാൻസിന്റെ പോക്കറ്റിലും സ്ത്രീകളാണെങ്കിൽ വാനിറ്റി ബാഗിലും സൂക്ഷിക്കുക.സർട്ടിഫിക്കറ്റുകൾ ഒരു കാരണവശാലും ലഗേജുകളിൽ കയറ്റി വിടരുത്.അപകടം നടന്നാൽ മാത്രല്ല,എത്രയോ പേരുടെ ലഗേജുകൾ കാണാതാകുന്നു,നനഞ്ഞും മറ്റ് ദ്രാവകങ്ങൾ വീണും സർട്ടിഫിക്കറ്റുകൾ ഉപയോഗ ശൂന്യമാകാറുണ്ട്.നമുക്കിടയിൽ തന്നെ എത്രയോ പേർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാവുന്നുണ്ടാകും..വിമാന ജീവനക്കാർ പറയുന്നത് അനുസരിക്കാൻ പരമാവധി ശ്രമിക്കണം.കാരണം അവർക്ക് മാത്രമെ നിങ്ങളെ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ കഴിയുകയുള്ളു..
വിമാനത്തിൽ കയറുന്പോൾ,പാലിക്കേണ്ടതും ചെയ്യേണ്ടതുമായ സൂരക്ഷയെക്കുറിച്ചുള്ള അവതരണം ശ്രദ്ധയോടെ കേൾക്കുകയും കാണുകയും പറഞ്ഞതൊക്കെ ഉണ്ടോയെന്ന് പരിശോധിക്കുകയും വേണം.വിമാനത്തിൽ കയറുന്പോൾ എമർജൻസി വാതിലുകൾ നോക്കി വക്കുന്നതും ഗുണം ചെയ്യും.പറ്റുമെങ്കിൽ ഈ വാതിലിനും നിങ്ങളുടെ സീറ്റിനും ഇടയിലെ ദൂരം പോലും നോക്കി വക്കാം കാരണം പുകപടലങ്ങൾ നിറഞ്ഞാൽ അത് വളരെ ഗുണം ചെയ്യും.
ഇനിയും വിമാനങ്ങൾ ഗൾഫിലേക്ക് പറക്കും പറന്നുകൊണ്ടേയിരിക്കുന്നു അതിൽ പോത്തിറച്ചിയും,ചക്ക വറുത്തതും,കായ ഉപ്പേരിയുമുണ്ടാകും.ഇതൊക്കെ ഞാനടക്കമുള്ള പ്രവാസികളുടെ പതിവും ജീവിതവുമാണ്.
പക്ഷേ ഒരു കാര്യം ശക്തമായി പറയട്ടെ, തീപിടിച്ച് മരണത്തിലേക്കുള്ള വഴിയിൽ നിന്നും ജീവിതത്തിലേക്ക് ചാടിക്കയറാനുള്ള ശ്രമത്തിനിടയിൽ കുഞ്ഞുങ്ങളെ മാത്രം മുറുക്കെപ്പിടിച്ചാൽ മതി ബാക്കിയൊക്കെ ഉപേക്ഷിച്ചേക്കു..
വികാരത്തിനടിമപ്പെടാതെ,വിചാരത്തിനനുസരിച്ച് പ്രവർത്തിക്കാൻ മനസ്സൊരുക്കക്കോളൂ..പ്രിയ വിമാന യാത്രക്കാരെ...സുഹൃത്തുക്കളെ..
Comments