സൂര്യതേജസ്സോടെ ‘’സോളാർ ഇംപൾസ് 2’’ #SolarImpulse2#abudhabi#masdar#iypevallikadan#blogger#
സൂര്യനെയും സൂര്യപ്രകാശത്തെയും ഇത്രമേൽ സ്നേഹിക്കുന്ന രണ്ട് പേർ ഒരു പക്ഷേ ഈ ഭൂമിയിൽ തന്നെ ഉണ്ടാകില്ല,ആകാശങ്ങൾ കീഴടക്കിയ പലരും സാധ്യമാകില്ലെന്ന് പറഞ്ഞ സ്വപ്നം സാക്ഷാൽക്കരിച്ച ഇവർക്കൊപ്പം സൂര്യൻ കൂട്ടുനിന്നു.ബെർട്രാന്റ് പിക്കാർഡും,ആന്ദ്രേ ബോഷ്ബെർഗും പിന്നെ അവരുടെ സോളാർ ഇംപൾസ് രണ്ട് വിമാനവും സൂര്യതേജസ്സോടെ തല ഉയർത്തി നിൽക്കുന്നു.
2015 മാർച്ച് 9 ന് അബുദാബി അൽ ബത്തീൻ എക്സിക്യൂട്ടീവ് വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് പറന്ന വിമാനം നാൽപത്തിരണ്ടായിരം കിലോമീറ്ററുകളിലേറെ താണ്ടി 505 ദിവസങ്ങളുടെ സംഭവബഹുലമായ യാത്ര പിന്നിട്ട് 2016 ജുലൈ 26 ന് പുലർച്ചെ നാല് നാലിന് അബുദാബയിൽ തിരിച്ചിറങ്ങി.
ചുവപ്പ് പരവതാനി വിരിച്ചാണ് അസാധ്യമായത് സാധ്യമാക്കിയ,ഒരു തുള്ളി ഇന്ധനം പോലുമില്ലാതെ,സൌരോജർജ്ജത്തിൽ മാത്രം പ്രവർത്തിക്കുന്ന സോളാർ ഇംപൾസ് ടുവിന്റെ സൃഷ്ടാക്കളും വൈമാനികരുമായ ബെർട്രാന്റ് പിക്കാർഡിനെയും ആന്ദ്രേ ബോഷ്ബെർഗിനെയും അബുദാബി സ്വീകരിച്ചത്.
പതിറ്റാണ്ടുകളായി പരന്പരാഗത ഊർജ്ജ സ്ത്രോതസുകളെ പുണരുന്ന ഒരു ഗൾഫ് നാട് പുനരുപയോഗ,മാലിന്യഹരിതമായ സൌരോർജ്ജത്തിൽ മാത്രം വിശ്വസിച്ച് ലോകം ചുറ്റിപ്പറന്ന സോളാർ വിമാനത്തിനും അണിയറക്കാർക്കും ചുവപ്പ് പരവതാനി വിരിച്ചപ്പോൾ,ലോകത്തിന് തന്നെ വലിയ മാതൃകയും വിലയേറിയ സന്ദേശവുമായി.
ആദ്യം സോളാർഇംപൾസ് ടു വിമാനം പരിചയപ്പെടാം….
വിമാനത്തിന്റെ ഭാരം കുറക്കാൻ കടലാസിനേക്കാൾ മൂന്ന് മടങ്ങ് ഭാരം കുറവുള്ള കാർബൺ ഫൈബർ ഉപയോഗിച്ചാണ് നിർമാണം.2300 കിലോയാണ് ഈ വിമാനത്തിന്റെ ഭാരം.ഒരു സെഡാൻ കാറിനേക്കാൾ കുറവ് ഭാരം.
വിമാനത്തിന്റെ ചിറകുകളിലാണ് സോളാർ പാനലുകൾ അടുക്കിയിരിക്കുന്നത്.135 മൈക്രോൺ കനത്തിൽ 17,000 സോളാർ സെല്ലുകളാണ് ഊർജ്ജം ശേഖരിക്കാൻ സജ്ജമാക്കിയിട്ടുള്ളത്.ഇതിൽ നിന്നും ശേഖരിക്കുന്ന പുനരുപയോഗ ഊർജ്ജം വിമാനത്തിന്റെ ലിഥിയം പോളിമർ ബാറ്ററികളിൽ പ്രവർത്തിക്കുന്ന
യാത്രാ വിമാനമായ ബോയിംഗ് 747 ന്റെ ചിറകുകളേക്കാൾ 72 മീറ്റർ വീതിയുണ്ട് ഇംപൾസിന്റെ ചിറകിന്.മണിക്കൂറിൽ കാറ്റിന്റെ കൂടി ഗതി പരിഗണിച്ച് 140 കിലോമീറ്റർ വേഗത്തിൽ പറക്കാൻ സോളാർ ഇംപൾസിന് കഴിയും.എന്നാൽ സമുദ്രത്തിന് മുകളിലൂടെ പറക്കുന്പോൾ 45 കിലോ മീറ്റർ മുതൽ 90 കിലോ മീറ്റർ വേഗത്തിൽ മാത്രമെ പറക്കാനൊക്കു.ഒരു സമയം ഒരാൾ മാത്രമാണ് വിമാനം പറത്തുക,ഇവർക്ക് കഴിക്കാൻ ദ്രവീകൃത രൂപത്തിലുള്ള നെസ്ലേ കന്പനി തയാറാക്കിയ പ്രത്യേക ഭക്ഷണം ഒരുക്കി.ശരീരത്തിന്റെ വിഷമങ്ങൾ ഇല്ലാതാക്കാൻ ചെറു യോഗാമുറകളും ഇവരെ സഹായിച്ചു.മാനസിക പിരിമുറുക്കങ്ങൾ കുറക്കാൻ കൺട്രോൾ റൂമിൽ നിന്ന് ഇവർക്കിഷ്ടപ്പെട്ട സംഗീതവും കേൾപ്പിച്ചു.സാധാരണക്കാർക്ക് യൂട്യൂബിലൂടെ തൽസമയം ഇവരുടെ യാത്ര കാണാനും അവസരമുണ്ടായിരുന്നു.ഇടക്ക് ഒന്ന് മയങ്ങാനും വൈമാനികർക്ക് സമയം കിട്ടി.പരമാവധി 9000 മീറ്റർ ഉയരത്തിലാണ് വിമാനം പറന്നത്.രാത്രി സമയത്ത് 8000 മുതൽ 8500മീറ്റർ ഉയരത്തിൽ പറന്നു.പരമാവധി ഊർജ്ജം ലാഭിക്കാൻ കൂടിയാണ് ഈ താഴ്ന്ന് പറക്കൽ.
സോളാർ ഇംപൾസിന്റെ നാൾവഴികളിലൂടെ ഇനി ഒരു യാത്ര പോകാം.
ഭുമിയില്‍ ഒരു മണിക്കൂര്‍ ലഭിക്കുന്ന മൊത്തം സൗരോര്‍ജം ഒരു വര്‍ഷം ലോകത്ത് ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിനു അടുത്ത് വരും. ഭുമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതും ഈ ഊര്‍ജ്ജത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് തന്നെ.ഈ തിരിച്ചറിവാണ് മനശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള ബാർട്രാന്റിനെ ഈ ഉദ്യമത്തിലേക്ക് ആനയിച്ചത്.
15 വര്‍ഷത്തോളം ഊണും ഉറക്കവും വെടിഞ്ഞ് പഠനവും,പരീക്ഷണവുമായി ഈ മനശാസ്ത്രജ്ഞൻ നീലാകാശങ്ങൾ സ്വപ്നം കണ്ടു.ഇദ്ദേഹത്തോടൊപ്പം
എൻജിനീയറും ബിസിനസ്സുകാരനുമായ ആന്ദ്രെ ഒപ്പം കൂടിയപ്പോൾ സൌരോർജ വിമാനം എന്ന ആശയം സോളാർ ഇംപൾസ് ഒന്നിലേക്കും അതിലേറെ വലിയ ലക്ഷ്യങ്ങൾ പറന്നിറങ്ങാനുള്ള സോളാർ ഇംപൾസ് രണ്ടിലേക്കും ഇരുവരെയും നയിച്ചു.എൺപതിലധികം സാങ്കേതിക പ്രവർത്തകർ സൂര്യനെ വലം വക്കുന്ന ഗ്രഹങ്ങളെ പോലെ ഇവരുടെ സ്വപ്നങ്ങൾക്കൊപ്പം നില കൊണ്ടു.
2009 ലാണ് ആഴക്കടലിലേക്ക് പോകാനുള്ള വാഹനവും,ആകാശ ബലൂണുകൾക്കും ശേഷം സൌരോർജ വിമാനം യാഥാർത്ഥ്യമായത്.2012 വരെയുള്ള സമയത്ത് ഇരുവരും ചേർന്ന് സ്വിറ്റ്സർലണ്ട്,അമേരിക്ക,മൊറാ ക്കോ,സ്പെയിൻ എന്നീ രാജ്യങ്ങളുടെ ആകാശവീഥികൾ പിന്നിട്ടു.പിന്നീടാണ് സോളാർ ഇംപൾസിന്റെ പുതിയ വിമാനത്തിന്റെ പണിപ്പുരയിലേക്ക് കടന്നത്.2014ൽ വിമാനം പരീക്ഷണപ്പറക്കലുകൾക്ക് ശേഷം വിജയക്കുതിപ്പിന് തയാറായി.മൊത്തം അഞ്ഞൂറ് മണിക്കൂറുകളെടുത്ത് പതിനേഴ് ഘട്ടങ്ങളിലായി നാൽപതിനായിരത്തിലേറെ കിലോമീറ്ററുകളാണ് വിമാനം താണ്ടിയത്.ഇതിൽ നാലു ഭൂകണ്ഡങ്ങളും,മൂന്ന കടലുകളും രണ്ട് മഹാസമുദ്രങ്ങളുമുണ്ടായിരുന്നു.
സൂര്യന്റെ കൂട്ടുപിടിച്ച് സോളാർ ഇംപൾസ് ടു വിമാനം ലോകം ചുറ്റി അബുദാബിയിൽ തിരിച്ചിറങ്ങിയപ്പോൾ സൃഷ്ടിക്കപ്പെട്ടത് പുതിയ തിരിച്ചറിവുകളും റെക്കോർഡുകളുമായിരുന്നു.കഴിഞ്ഞ വർഷം മാർച്ച് ഒന്പതിന് അബുദാബിയിലെ വിമാനത്താവളത്തിൽ നിന്നും മസ്കറ്റിലേക്കാണ് എസ്ഐ2 എന്ന വിമാനം പറന്നത്.അവിടെ നിന്ന് അഹമ്മദാബാദും,വാരണാസിയും പറന്നിറങ്ങി.ജപ്പാനിലെ നഗോയയയിൽ നിന്ന് ശാന്തസമുദ്രത്തിന് മുകളിലൂടെ അഞ്ച് ദിനരാത്രങ്ങളെടുത്ത് അമേരിക്കയിലെ ഹവായിലേക്ക് സോളാർ ഇംപൾസ് വിമാനം പറന്നു.118 മണിക്കൂർ കൊണ്ട് 8942 കിലോമീറ്റർ ദൂരം ആന്ദ്രെ ബോഷ്ബർഗ് പിന്നിട്ടപ്പോൾ ലോകത്ത് ഒറ്റയടിക്ക് ഒറ്റയാൾ വിമാനം പറത്തിയ വലിയ റെക്കോർഡ് പിറന്നു.ഇതടക്കം ഇരുപതോളം ലോക റെക്കോർഡുകളാണ് ഈ സ്വിസ് വിമാത്തിലൂടെ ഇരുവരും സ്വന്തമാക്കിയത്.
മാലിന്യ മുക്തമായ ഭാവിയും സംശുദ്ധമായ ഊർജ്ജവും എന്ന വലിയ സന്ദേശം പരത്താൻ ഇരുവരും അധ്വാനിച്ചു.പറന്നിറങ്ങിയ ഇടങ്ങളിലൊക്കെ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഈ സന്ദേശം പകർന്നു.ഇന്ത്യയിൽ നിന്ന് മാതൃഭൂമി മാത്രമായിരുന്നു ചരിത്രം കുറിച്ച മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ വിമാനത്താവളത്തിലെ റൺവേയിൽ ഉണ്ടായിരുന്നത്.
ഒരു തുള്ളി ഇന്ധനം പോലുമില്ലാതെ ലോകം ചുറ്റിപ്പറക്കാനിറങ്ങിയ സോളാർ ഇംപൾസ് 2 പുലർച്ചെ നാല് നാലിനാണ് അബുദാബിയിൽ തിരിച്ചിറങ്ങിയത്.കെയ്റോവിൽ നിന്ന് അവാസാന പാദ യാത്ര പുറപ്പെട്ട സൌരോർജ്ജ വിമാനത്തിന് അബുദാബിയിലെ അൽ ബത്തീൻ എക്സിക്യൂട്ടീവ് വിമാനത്താവളത്തിൽ ചുവപ്പ് പരവതാനി വിരിച്ചാണ് സ്വീകരണം ഒരുക്കിയിത്.പാരന്പരാഗത കലാരൂപങ്ങൾക്കൊപ്പം,പോലീസിന്റെ ബാന്റ്മേളവും വരവേൽപ്പിനൊരുക്കിയിരുന്നു.
തുടക്കത്തിൽ 63 കാരനും സോളാർ ഇംപൾസിന്റെ സിഇയും വൈമാനികനുമായ ആന്ദ്രെ ബോഷ്ബർഗാണ് വിമാനം പറത്തിയതെങ്കിൽ അവസാന ലാപ്പിലേക്കുള്ള പ്രയാണത്തിൽ വിമാനം നിയന്ത്രിച്ചത് 58കാരനായ ചെയർമാൻ ബർട്രാന്റ് പിക്കാർഡെയായിരുന്നു.ഇവരെ സ്വീകരിക്കാൻ മന്ത്രിയും പുനരുപയോഗ ഊർജ്ജസ്ത്രോതകളെ പ്രോൽസാഹിപ്പിക്കുകയും,കണ്ടുപി ടുത്തങ്ങൾക്ക് വഴിവക്കുകയും ചെയ്യുന്ന അബുദാബിയിലെ മസ്ദാർ എന്ന സർക്കാർ സ്ഥാപനത്തിന്റെ ചെയർമാനുമായ സുൽത്താൻ അൽ ജാബർ,സ്വിറ്റ്സർലണ്ടിന്രെ വൈസ് പ്രസിഡന്റ് ഡോറീസ് ലുതാർഡ്,മൊണാക്കോ രാജകുമാരൻ ആൽബർട്ട രണ്ടാമൻ എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു.
പതിനഞ്ച് വർഷം നീണ്ട സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്,ഞങ്ങളേറ്റെ ടുത്ത ദൌത്യം പൂർത്തിയായി,ഇനി നിങ്ങൾ മുന്നോട്ട് പോകു എന്നാണ് വിമാനം തിരിച്ചറിക്കിയ ശേഷം ബെര്‍ട്രാന്‍ഡ് പിക്കാർഡ് പറഞ്ഞത്.അടുത്ത പത്ത് വർഷത്തിനുള്ളിൽ നമ്മുടെ ആകാശവീഥിയിലൂടെ സോളാർ- ഇലക്ട്രിക് വിമാനങ്ങൾ പാറപ്പറക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഊർജ്ജ പ്രതിസന്ധി വല്ലാതെ അലട്ടുന്ന ഈ ലോകത്തെ വലിയ പാഠം പഠിപ്പിച്ചാണ് അബുദാബിയിൽ നിന്ന് തുടങ്ങി ലോകം ചുറ്റിപ്പറന്ന് അബുദാബിയിൽ വിജയകരമായി സോളാർ ഇംപൾസ് രണ്ട് തിരിച്ചിറങ്ങിയത്.മാലിന്യമുക് തമായ ഭാവിയും സംശുദ്ധ ഉർജവും ചേർത്തിണക്കി പുതിയ ഭാവിയെന്ന സ്വപ്നമാണ് ബർട്രാന്റ് പിക്കാർഡും,ആന്ദ്ര ബോഷ്ബർഗും പങ്കുവക്കുന്നത്.ആ സ്വപ്നം നമുക്കും കാണാം സാക്ഷാൽക്കരിക്കാം.
Comments