ആറ് വർഷത്തിന് ശേഷം ആലപ്പുഴ പൊങ്ങയിൽ കൊല്ലപ്പെട്ട പോൾ എം ജോർജ്ജ് മുത്തൂറ്റിന്രെ ഘാതകരെ സിബിഐ കോടതി ശിക്ഷിച്ചിരിക്കുന്നു.കേരള പോലീസിന്റെ അന്വേഷണം ഏറെക്കുറെ ശരിവച്ച സിബിഐ,സംസ്ഥാന പോലീസിന്റെ ''എസ് കത്തി'' വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നു.വിൻസൺ എം പോളിന്റെ വാർത്താസമ്മേളനത്തിൽ നിന്ന് വീണ് കിട്ടിയ, ഇംഗ്ലീഷ് അക്ഷരം എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ചാണ് പോളിനെ കൊലപ്പെടുത്തിയതെന്ന വാചകത്തിൽ നിന്നാണ് അന്ന് ഏഷ്യാനെറ്റ് ന്യൂസിന്രെ ആലപ്പുഴ റിപ്പോർട്ടറായിരുന്ന ഞാൻ അന്വേഷണം തുടങ്ങിയത്.
കെ.ആർ.ഗൌരിയമ്മയുടെ വീടിന്റെ തൊട്ടടുത്തുള്ള ചാത്തനാട് ജംഗ്ഷന്റെ മൂലയിലെ കൊല്ലന്റെ ആലയിൽ നിന്നും,പ്രസാദ് എന്ന കൊല്ലപ്പണിക്കാരൻ സത്യങ്ങൾ ഞങ്ങളുടെ ഒളിക്യാമറയിലൂടെ വെളിപ്പെടുത്തി.പോലീസായി ക്യമാറ ഘടിപ്പിച്ച് എന്റെ വാർത്തക്ക് വേണ്ടി ഇറങ്ങിപ്പുറപ്പെട്ട രാജേഷ് തകഴി(രാജേഷേട്ടൻ)ഡ്രൈവർ സുനിൽകുമാർ(കുഞ്ഞുമോൻ ചേട്ടൻ) വിനോദ്(കുപ്പി)മറ്റൊരു ക്യാമറയുമായി എന്റെ കാറിൽ പുറത്തെ ദൃശ്യങ്ങൾ പകർത്തിയ ഈഥൻ സെബാസ്റ്റ്യൻ(കുട്ടൻ)
ഇവരുടെയൊക്കെ ഒരു മനസ്സോടെയുള്ള ദിവസങ്ങൾ നീണ്ട പരിശ്രമമമാണ് പോൾ മുത്തൂറ്റ് കേസ് സിബിഐയിൽ കൊണ്ടെത്തിച്ചതിന് വഴിമരുന്നിട്ട എസ് കത്തി അന്വേഷണം വിജയിപ്പിച്ചത്.
'എസ്' ആകൃതിയിലുള്ള കത്തികൾ ആർഎസ്എസ്സുകാർ ഉപയോഗിക്കുന്നതാണെന്ന മുൻ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിവാദ വാർത്താ സമ്മേളനവും,വാർത്ത വന്നതിന് ശേഷമുള്ള പ്രതികരണവും വാർത്താ കേരളം ഏറെ ചർച്ച ചെയ്തിരുന്നു.
ഏറെ ഭീഷണികൾ ഉണ്ടായിരുന്ന എനിക്ക് കുറെ ദിവസങ്ങൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല,കല്ലുപാലത്തിനടുത്തെ പഴയ ഏഷ്യാനെറ്റ് ഓഫീസിനടുത്ത് നിന്നുള്ള ഫോൺ ബൂത്തിൽ നിന്നായിരുന്നു വിളികൾ.
'എസ് കത്തി' അന്വേഷണ റിപ്പോർട്ട് അന്ന് ആറ് മണിക്ക് ബ്രേക്ക് ചെയ്യുന്പോൾ ''നേരോടെ നിർഭയം നിരന്തരം'' എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ടാഗ് ലൈൻ ആദ്യമായി ഉപയോഗിച്ചതും ഈ വാർത്തയോടൊപ്പമായിരുന്നു.
ധൈര്യം പകർന്ന് എനിക്കൊപ്പം അന്ന് നിലകൊണ്ട ചീഫ് ഓഫ് ന്യൂസ് ടി.എൻ.ഗോപകുമാർ സർ,എക്സിക്യൂട്ടീവ് എഡിറ്റർ തോമസ് സർ,ഉണ്ണി ബാലകൃഷ്ണൻ...പിന്നെ ഡസ്ക് മുഴുവൻ....
വാർത്തക്ക് ശേഷവും, കഴിഞ്ഞ ആറ് വർഷവും വിവാദങ്ങളുടെ തുടർമഴയായിരുന്നു..
എസ് കത്തി വിവാദത്തിൽ മനം നൊന്ത് സർവീസിൽ നിന്നും വിരമിക്കാൻ ആഗ്രഹിച്ചിരുന്നതായി വിൻസൺ എം പോൾ ഏതാനും മാസങ്ങൾക്ക് മുന്പാണ് ഒരു പൊതുസമ്മേളന വേദിയിൽ പ്രസംഗിച്ചത്.
ഒരു മാധ്യമപ്രവർത്തകനെ സംബന്ധിച്ചടത്തോളം വിശ്വാസ്യത ഏറെ പ്രധാനപ്പെട്ടതാണ്.അത്തരം വിശ്വാസ്യകരമായ വാർത്തകളാണ് അവനെ വീണ്ടും നല്ല വാർത്തകൾ കണ്ടെത്താൻ പ്രേരിപ്പിക്കുന്നത്.
പ്രവാസത്തിന്റെ വാർത്താഭൂമിയിൽ ഇത്തരം വാർത്തകൾക്ക് വലിയ ഉറവയില്ല.എങ്കിലും എന്റെയുള്ളിലെ നല്ല മാധ്യമപ്രവർത്തനത്തെ വഞ്ചിക്കാതെ ഇത്രയും നാൾ പണിയെടുക്കാൻ കഴിഞ്ഞു എന്നത് തന്നെ വലിയ പ്രചോദനമാകുന്നു.

''കത്തി കൊണ്ട് നിങ്ങൾക്കൊരാളെ കുത്തിക്കൊല്ലാം,അതേ കത്തി കൊണ്ട് നിങ്ങൾക്കൊരാളെ സുഖപ്പെടുത്തുകയും ചെയ്യാം'' -അരിസ്റ്റോട്ടിൽ

Comments

Popular posts from this blog

An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..