ഷാർജയിലെ മരുഭൂമിയിലും നെൽകൃഷി- കൊയ്ത്തുൽസവത്തിന് കൃഷിപ്രേമികൾ...
മാസങ്ങൾക്ക് മുന്പ് ഷാർജയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾ സുധീഷിനൊപ്പം നെൽകൃഷിക്ക് കൂടി.നാട്ടിലെ നെൽവിത്തിനമായ ഉമയാണ് വീട്ടുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ നെൽപാടത്ത് വിതച്ചത്.ഷാർജയിൽ കിട്ടുന്ന ഉപ്പ് വെള്ളം തന്നെയാണ് യാഥാസമയം നെല്ലിന് നൽകിയത്.ജൈവ വളങ്ങളും വിതറി.മാസങ്ങൾക്കിപ്പുറം രാസവളത്തിന്രെ പോറലുപോലുമില്ലാതെ നെൽപാടും നൂറുമേനി നിറവിലായി.
കൊയ്ത്തിന് പാകമായ തന്റെ വീട്ട്മുറ്റത്തെ പാടത്തൊരുക്കിയ നെല്ല് കൊയ്യാൻ സുധീഷ് കുട്ടികൾക്കൊപ്പം കൃഷി പ്രേമികളായ ആളുകളെയും ക്ഷണിച്ചു.
നാട്ടിലെ കൊയ്ത്തുൽസവത്തിന്റെ പ്രതീതിയായിരുന്നു സുധീഷിന്റെ ഷാർജയിലെ വീട്ട് മുറ്റത്ത്,കുട്ടികളും മുതിർന്നവരും കർഷകരുടെ വേഷത്തിൽ അണിനിരന്നു.കയ്യിൽ ഷാർജയിൽ പണിത അരിവാൾ,തലയിൽ പാളത്തൊപ്പിയും, പശ്ചാത്തലത്തിൽ നാടൻ പാട്ടുകളും.
നെൽകൃഷിയുടെ രീതികളും,ചോറിന്റെ വിലയും കുട്ടികളെ ബോധ്യപ്പെടുത്താനാണ് കഷ്ടപ്പാടുകൾ സഹിച്ച് ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചതെന്ന് സുധീഷ് മാതൃഭൂമിയോട് പറഞ്ഞു.മരുഭൂമിയിലും വേണ്ട പോലെ കൃഷി ചെയ്താൽ നൂറ് മേനി കൊയ്യമെന്നും അദ്ദേഹം പറഞ്ഞു.
വിളഞ്ഞ നെൽകതിരുകൾ അരിവാളുകൊണ്ട് അരിഞ്ഞെടുത്ത്,കെട്ടി പിന്നീട് പ്രത്യേക തയാറാക്കിയ മെതിക്കളത്തിൽ പരന്പരാഗത രീതിയിൽ കാലുകൾ കൊണ്ട് നെല്ല് മെതിച്ചു.
കൊയ്ത്തുൽസം ആഘോഷകമാക്കാൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ.റഹീം,ജനറൽ സെക്രട്ടറി ബിജുസോമൻ എന്നിവരും കർഷക വേഷത്തിൽ തന്നെ അണിനിരന്നു.
കൊയ്ത്തുൽസവത്തിൽ പങ്കെടുക്കാൻ എത്തിയവർക്കെല്ലാം നെല്ല് കൊയ്യാനുള്ള അവസരം സുധീഷിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു.നെല്ല് കൊയ്തെടുത്ത് അതിന്റെ ഫോട്ടോകളും എടുത്താണ് ഇവർ സന്തോഷം പങ്കുവച്ചത്.
യുഎഇയിലെ വിവിധ ഇടങ്ങളിലായി ഭരണാധികാരികൾക്ക് വേണ്ടി പോലും സുധീഷ് നെൽകൃഷി നടത്തുന്നുണ്ട്.
ജൈവകൃഷി പ്രോൽസാഹിപ്പിക്കാനും,കൃഷി നടത്താനുമായി ഗ്രീൻ ലൈഫ് ഓർഗാനിക് ഫാമിംഗ് എന്ന പേരിൽ ഒരു കന്പനിക്കും സുധീഷ് ഗുരുവായൂർ തുടക്കമിട്ടിട്ടുണ്ട്.ഇതിന്റെ ആഭിമുഖ്യത്തിലാണ് കൊയ്ത്ുൽസവം സംഘടിപ്പിച്ചത്.
……….
Comments