പ്രണയദിന കുറിപ്പുകൾ....
ടെകി പ്രണയം
നീ അത് തുറന്ന് പോലും നോക്കാതെ തള്ളി മറ്റൊരു വാട്സ്ആപ്പ് ഫോർവേഡാക്കി..
നിന്റെ പ്രണയമാണ് ഞാനിന്ന് ഡീലീറ്റ് ചെയ്ത മെസേജിലുണ്ടായിരുന്നത്.
തിരിച്ചെടുക്കാൻ പറ്റാത്ത വിധം അത് എന്നന്നേക്കുമായി സിസ്റ്റത്തിൽ നിന്നും ഡിലീറ്റായി.
നീ തിരിച്ചറിയാതെ ഫോർവേഡ് ചെയ്ത് പ്രണയം തിരിച്ചാരെങ്കിലും അയക്കുമെന്ന് കരുതി റീചാർജ്ജ് ചെയ്ത് ഞാൻ ബാറ്ററിയിൽ കറണ്ട് നിറച്ച് ടച്ച് ഫോണിൽ വിരലമർത്തി കാത്തിരിക്കുന്നു.
പ്രണയം ഒരു ഗ്രാമാന്തരീക്ഷത്തിൽ..
നിന്നെയും കാത്ത് ഞാൻ വഴിവക്കിൽ കാത്തിരുന്നു..നിന്നു നിന്നു മുഷിഞ്ഞപ്പോൾ കോയക്കാന്റെ ചായക്കടയിൽ കയറി..
നീ രമണിയോടൊപ്പം പാവാടയും പറത്തി ബിസ്മി ബസിൽ കയറി പോകുന്നത് ഞാൻ കണ്ടു..
വൈകുവോളം ഞാൻ കാത്തിരുന്നു,ഇടക്ക് മുഖം ഷൌരം ചെയ്തു,അന്പലക്കുളത്തിൽ കുളിച്ചു തോർത്തി..
രാത്രി വീട്ടിലെത്തിയപ്പോൾ അറിഞ്ഞു നിനക്ക് കല്യാണമായെന്ന്,ഗൾഫിൽ നിന്നുമെത്തിയ നിന്റെ മുറച്ചെറുക്കനൊപ്പം,അത്തറിന്റെ മണമടിച്ച് നീ ഇന്നേ അവനെ പ്രേമിച്ച് കാണുമെന്ന് എനിക്കറിയാം.
നിനക്കെഴുതിയ പ്രേമലേഖനം ഞാൻ,ചെറുമഴയിൽ ഒഴുകിയൊലിച്ച ഇറച്ചാർത്തിലെ മഴക്കുഴിയിലേക്ക് എറിഞ്ഞു,അതിലെ മഷിപുരണ്ട പ്രേമം നനഞ്ഞില്ലാതായികാണും..
പ്രായമായ പ്രേമം.
അന്നേ പറയേണ്ടതായിരുന്നു,കൂട്ടുകാർ കൂടെ നിന്നിട്ടും വീട്ടുകാർ വേണ്ടെന്ന് പറഞ്ഞത് കൊണ്ട് വേണ്ടെന്ന് വച്ചു..നീ അന്നെന്നെ നോക്കി ചിരിച്ചുവെങ്കിലും തിരിച്ച് ചിരിക്കാൻ എനിക്ക് ഭയമായിരുന്നു..
അന്ന് നീ വെള്ളക്കുപ്പായമിട്ട്,വലിയ ഉദ്യോഗം കിട്ടുന്ന കോളേജിൽ പഠിക്കാൻ പോയപ്പോഴും ഞാൻ കാത്തിരുന്നു.
പിന്നെ നിന്നെ കണ്ടത്,വെളുത്തുമെലിഞ്ഞ മദാമ്മയുമായി ഞങ്ങളുടെ വീടിന്റെ മുന്നിലൂടെ കാറോടിച്ച് പോയപ്പോഴാണ്,അപ്പോഴേക്കും എന്റെ പ്രണയത്തിനൊപ്പം രണ്ട് കുട്ടികളും ഉണ്ടായിരുന്നു..
ഇന്നും ആ പ്രണയമുണ്ട് പറയാൻ കൊതിച്ചിട്ട് പറയാതിരുന്ന നിന്നോടുള്ള പ്രണയം.
പ്രണയ ലേഖനം
പണ്ടൊക്കെ സാഹിത്യമായിരുന്നു പ്രണയലേഖനം..അതിങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും എഴുതി കൊടുത്തും വായിച്ചും തിരിച്ചയച്ചും നടന്നുപിന്നെ ലാന്റ് ഫോണിലെ മിസിഡ് കോൾ മുതൽ ടെലിഫോൺ ബൂത്തിലെ സംസാരം വരെ..
മൊബൈല് ഫോണിൽ കുറുകുന്ന പ്രണയമായി പ്രേമലേഖനം മാറി..
ഇന്ന് എഴുത്തൊന്നുമില്ല,വാട്സ് ആപ്പിലും,ഫേസ് ബുക്കിലും ഒതുങ്ങും..
പിന്നെ കൂടിപ്പോയാൽ നല്ല വീഡിയോയായി ഒടുങ്ങും..
Comments