ജിഷയുടെ കേസ് അന്വേഷിക്കുന്ന കേരളാ പോലീസിനോട്....
കേരളാ പോലീസിന്റെ ചില കഥകൾ ഇങ്ങനെയാണ്.. സാധാരണക്കാരന്റെ പോലും സംശയങ്ങൾ ദുരീകരിക്കാതെയാകും പലപ്പോഴും അന്വേഷങ്ങൾ അവസാനിപ്പിക്കുക.ജിഷ വധക്കേസിന് മുന്പ് കേരളാ പോലീസിന്റെ സുപ്രധാനമായ കേസായിരുന്നു ആലപ്പുഴയിൽ കൊല്ലപ്പെട്ട പോൾ മുത്തൂറ്റ് ജോർജ്.
അന്ന് ആലപ്പുഴയിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ സീനിയർ റിപ്പോർട്ടറായിരുന്നു ഞാൻ.കൊട്ടേഷൻ പരിപാടിക്ക് പോയ കാരി സതീഷും സംഘവും വഴിയിൽ വച്ച് ,വണ്ടിത്തർക്കത്തിന്റെ പേരിൽ പോൾ മുത്തൂറ്റിനെ കൊന്നു തള്ളിയെന്നായിരുന്നു പോലീസ് ഭാഷ്യം.കുത്താൻ ഉപയോഗിച്ചത് ഇംഗ്ലീഷ് അക്ഷരം ‘എസ്’ ആകൃതിയിലുള്ള കത്തിയാണെന്ന് അന്നത്തെ കേസന്വേഷണത്തിന് നേതൃത്വം നൽകിയ ഐജി വിൻസൻ എം പോൾ ആലപ്പുഴ എസ് പി ഓഫീസിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ഇതിന് പിന്നാലെ തിരുവനന്തപുരത്ത് പ്രത്യേക വാർത്താ സമ്മേളനം നടത്തി ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന പിണറായി വിജയൻ പറഞ്ഞത്.ഇത് ആർഎസ്എസ് കാരുടെ കത്തിയാണെന്നാണ്.
ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണാത്മക ടീമിനൊപ്പം ഞാൻ നടത്തിയ രഹസ്യക്യമാറ ഓപ്പറേഷൻ ഈ വാദങ്ങളെയൊക്കെ പൊളിച്ചിരുന്നു.ഈ വാർത്തയുമായി ബന്ധപ്പെട്ട് നടത്തിയ ന്യസ് അവർ ചർച്ചയിൽ ഇത്തരത്തിൽ കൃതൃമ തെളിവുകൾ കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇടക്കിടെ നിർമ്മിക്കാറുണ്ടെന്ന് സിപിഎം നേതാവ് പി ജയരാജനും വ്യക്തമാക്കി.
കേസ് സിബിഐയുടെ പക്കലാങ്കിലും അവ്യക്തമായ ഉത്തരം കിട്ടാത്ത എത്രയോ ചോദ്യങ്ങൾ വാദങ്ങൾ ഇന്നും ആ കേസിൽ അവശേഷിക്കുന്നു.
ജിഷയുടെ വധക്കേസും അങ്ങനെയാകരുതെന്ന് പ്രാർത്ഥിക്കുന്നു.കാരണം ഇത്രയും പണവും സ്വാധീനവുമുള്ള മുത്തൂറ്റ് കുടുംബത്തിലെ മകന്റെ കൊല സംശയങ്ങളുടെ നിഴലിൽ ഉഴലുന്പോൾ,ആരും ചോദിക്കാനില്ലാത്ത,പണമില്ലാത്ത,അശരണരായ ജിഷയുടെ അമ്മയും സഹോദരി ദീപയും എന്ത് ചെയ്യും?
സമൂഹ മാധ്യമങ്ങൾ നിരവധി ആളുകൾ ചോദിക്കുന്നതുപോലെ എത്രയോ ചോദ്യങ്ങൾ നമുക്കുണ്ട്?
…..
1.ജിഷയുടെ കൊലപാതകം പുറം ലോകമറിയാൻ വൈകിയതെന്തുകൊണ്ട്?
2.പോസ്റ്റ്മോർട്ടം നടത്തിയവരുമായി ബന്ധപ്പെട്ട് അവ്യക്തതകൾ നീങ്ങിയോ?
3.ആലപ്പുഴയിൽ വച്ച് തന്നെ മൃതദേഹം ദഹിപ്പിച്ചത് എന്തിന്?
4.ജോമോൻ പുത്തൻപുരക്കൽ ഉന്നയിച്ചതെന്തുമാകട്ടെ അന്വേഷിക്കേണ്ടതല്ലേ?
5. ഒരു അന്യസംസ്ഥാനകൂലിത്തൊഴിലാളിക്ക് ലോക്കൽ പോലീസിനെ വിലക്കെടുക്കാനാകുമോ?
6.മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ തെളിവെടുപ്പും,മഹസറും എഴുതിയ പോലീസുകാരെ ചോദ്യം ചെയ്യേണ്ടതല്ലേ?
7.ജിഷ എന്തി പെൻക്യാമറ വാങ്ങി?
8.ജിഷ എന്തിന് വാക്കത്തി തലയിണക്കടിയിൽ വച്ചുറങ്ങി?
9.ഒരു സാധാരണ ചെരുപ്പ് വാങ്ങിപ്പോയ അമിയൂർ ഉൾ ഇസ്ലാമിനെ കടക്കാരൻ ഓർത്തിരിക്കാൻ കാരണം?
10.DNA ചെരുപ്പിൽ മാത്രമെ ഉള്ളൂ,ജിഷയുടെ വേഷത്തിലോ,മുറിക്കുള്ളിൽ നിന്നോ പ്രതിയുടെ ഡിഎൻഎ തെളിവുകൾ കിട്ടിയിട്ടില്ല.
ചോദ്യങ്ങൾ നിരവധിയുണ്ട്…ജിഷമാരും…ഒരുപാടുണ്ട്…
പ്രിയ കേരളാ പോലീസ് ഇതും സിബിഐയ്ക്ക് പോയേക്കാം..പക്ഷേ തെളിവുകളും സാഹചര്യ തെളിവുകളും പ്രതിക്ക് വേണ്ട ശിക്ഷ വാങ്ങി നൽകിയില്ലെങ്കിൽ അമറുകൾ ഒരാളിൽ ഒതുങ്ങില്ല,അതിങ്ങനെ വളർന്ന് വികസിക്കും…ഗോവിന്ദച്ചാമിയും ഇതുക്കൂട്ടൊരുത്തനല്ലേ…
അന്വേഷണം നടക്കട്ടെ,പഴുതുകളില്ലാത്ത പ്രതിയെ പൂട്ടാൻ കേരളാ പോലീസിന് കഴിയട്ടേയെന്ന് ആശംസിക്കുന്നു.
Comments