വോട്ടിന്റെ പ്രവാസ ശബ്ദം....


'എനിക്കുണ്ടൊരു വോട്ട് നിനക്കുണ്ടൊരു വോട്ട് നമുക്കില്ലൊരു നേട്ടം',തെരഞ്ഞെടുപ്പിനെക്കുറിച്ച് കുഞ്ഞുണ്ണിമാഷ് കുറിച്ച വരികളാണ് ഇത്.യുഎഇയിലെ വിവിധ എമിറേറ്റുകളിലും അലൈനിലും,മസ്കറ്റിലുമായി പത്ത് അധ്യായങ്ങൾ കുറിച്ച  മാതൃഭൂമി ന്യൂസിന്റെ ഗൾഫിൽ നിന്നുള്ള ആദ്യ ചർച്ചാ പരിപാടിയായ 'പ്രവാസി വോട്ട്’ കേരളത്തിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചും വികസനമുന്നേറ്റവുമാണ്  സംസാരിച്ചത്,ഒപ്പം പ്രവാസികളുടെ തീരാവേദനകളെക്കുറിച്ചും.
വോട്ടുള്ളവരും,വോട്ടില്ലാത്തവരും,വോട്ട് ചെയ്യാൻ വിമാനം പറത്തുന്നവരുമായി ഗൾഫ് മലയാളികൾ മാതൃഭൂമി ന്യൂസിന്റെ പ്രവാസി വോട്ടിൽ അത്യന്തം ആവേശത്തോടെ പങ്കെടുത്തു.പ്രവാസികൾ ഉന്നയിച്ച പ്രധാനപ്പെട്ട വിഷയങ്ങളാണ് ഇവിടെ കുറിക്കുന്നത്
ഷാർജ…
ഇന്ത്യൻ അസോസിയേഷനിലാണ് പ്രവാസി വോട്ടിന്റെ ആദ്യ വേദി ഒരുങ്ങിയത്.ഗൾഫ് മലയാളികൾക്ക് ഏറെ സഹായങ്ങൾ ചെയ്ത പ്രവാസി കാര്യ വകുപ്പിനെ ഇല്ലാതാക്കിയ കേന്ദ്രത്തിന്റെ നടപടിയെ വിമർശിച്ചാണ് അസോസിയേഷൻ പ്രസിഡന്റ് വൈ.എ.റഹിം ചർച്ചക്ക് തുടക്കമിട്ടത്.കേരളത്തിന്റെ അടിസ്ഥാന സൌകര്യ വികസനത്തെ ചൂണ്ടിക്കാട്ടി കെഎംസിസി പ്രതിനിധി നിസ്സാർ തളങ്കര സംസാരിച്ചു,ബിജെപിയുടെ പ്രവാസി സംഘടനയായ ഇന്ത്യൻ പീപ്പിൾസ് ഫോറത്തിന്റെ അരുൺകുമാറിന് പറയാനുണ്ടായിരുന്നത് കുടിവെള്ളത്തിന് വേണ്ടി പോലും നെട്ടോട്ടമോടുന്ന കേരളത്തെക്കുറിച്ചായിരുന്നു,ഇടതുപക്ഷ പ്രതിനിധി കൊച്ചുകൃഷ്ണൻ പ്രവാസികളുടെ വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു സംസാരിച്ചത്,ബിസിനസ്സുകാർ കയ്യടക്കി വച്ചിരിക്കുന്ന നോർക്ക് റൂട്സ്,ഇടതുപക്ഷം അധികാരത്തിലേറിയാൽ സാധാരണക്കാരുടെ സംരഭമാക്കി മാറ്റുമെന്നാണ് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞത്. 
ഷാർജയിലെ പ്രവാസി വോട്ടിൽ സാധാരണക്കാരായ പ്രവാസികളും വിഷയങ്ങൾ ഉന്നയിച്ചു.പ്രവാസി പെൻഷൻ പദ്ധതിയുടെ ആനുകൂല്യം സാധാരണക്കാരിലേക്ക് പരമാവധി എത്തിക്കാനുള്ള ബോധവൽക്കരണപ്രവർത്തനങ്ങൾ നടത്തണമെന്നും പ്രധാനമായും നിർദേശം ഉയർന്നു.
അൽ ഐൻ...
പ്രവാസി വോട്ടിന്റെ രണ്ടാം എപ്പിസോഡ് അൽഐനിലായിരുന്നു.ഇന്ത്യൻ സോഷ്യൽ സെന്റർ അങ്കണത്തിൽ നടന്ന ചിത്രീകരണത്തിൽ ഇടതുപക്ഷ അനുകൂല സംഘടനയായ  മലയാളി സമാജം പ്രതിനിധി ഇ.കെ സലാം,കെഎംസിസി പ്രതിനിധി അഷ്റഫ് പള്ളിക്കണ്ടം ജോയി തനങ്ങാടൻ,യുണൈറ്റഡ് മൂവ്മെന്റ് സംഘടനാ നേതാവും കോൺഗ്രസ് പ്രവർത്തകനുമായ രാമചന്ദ്രൻ പേരാന്പ്ര എന്നിവരായിരുന്നു ചർച്ചയിലെ അതിഥികൾ.നിരവധി മലയാളികൾ ഉള്ള അലൈനിൽ നിന്നും കോഴിക്കോട്ടേക്ക് മാത്രമാണ് ഇപ്പോൾ വിമാനം പറക്കുന്നത്.പുതിയ മന്ത്രിസഭയുടെ ഇടപെടലിലൂടെ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്ക് വിമാനം വേണമെന്ന ആവശ്യമാണ് അലൈനിലെ മലയാളികൾ പ്രവാസി വോട്ടിലൂടെ പങ്കുവച്ചത്.
അജ്മാൻ….
പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് അഷ്റഫ് താമരശ്ശേരിയുടെ സാന്നിധ്യമായിരുന്നു അജ്മാനിലെ പ്രവാസി വോട്ടിനെ ശ്രദ്ധേയമാക്കിയത്.രണ്ട് പ്രധാനപ്പെട്ട നിർദേശങ്ങളാണ് യാതൊരു പ്രതിഫലവു ഇഛിക്കാതെ മൃതശരീരങ്ങൾ സ്വദേശത്തെത്തിക്കാൻ സ്വന്തം പണവും സമയവും ചിലവഴിക്കുന്ന  അജ്മാൻ പ്രവാസിയായ അഷ്റഫ് മുന്നോട്ട് വച്ചത്.ഗൾഫിൽ വച്ച് വിധവകളാകുന്നവർക്ക്  കുറഞ്ഞത് അയ്യായിരം രൂപയെങ്കിലും പ്രതിമാസം കിട്ടുന്ന രീതിയിൽ പ്രവാസി വിധവാ പെൻഷൻ പദ്ധതി രൂപീകരിക്കുക,രണ്ടാമത് ആത്മഹത്യകൾ ദിനം പ്രതി ഗൾഫിൽ കൂടുകയാണ്,ഇതിനെതിരെ ഇന്ത്യൻ സർക്കാർ സംവീധാനങ്ങളും സംഘടനകളും ചേർന്ന് ബോധവൽക്കരണ പരിപാടികൾ  അടക്കം സംഘടിപ്പിക്കുക,രാഷ്ട്രീയ ചർച്ചകൾക്കപ്പുറം പ്രവാസികളുടെ വിഷയങ്ങളാണ് അജ്മാനിൽ നടന്ന പ്രവാസി വോട്ടിൽ ഉയർന്ന് കേട്ടത്.പ്രവാസി ഇന്ത്യയുടെ പ്രവർത്തകനും എഴുത്തുകാരനുമായി അബു ലെയസ്,യുവകലാസഹിതിയും ഇടതുപക്ഷ ചിന്തകനുമായ പി.ശിവപ്രസാദ് എന്നിവരായിരുന്നു അജ്മാനിലെ അതിഥികൾ.
ഉമ്മൽഖുവൈൻ….
വടക്കൻ എമിറേറ്റിൽ ഷാർജ കഴിഞ്ഞാൽ സജീവമായി പ്രവാസി വിഷയങ്ങളിൽ ഇടപെടുന്ന സമൂഹമാണ് ഉമ്മൽഖുവൈനിലെ ഇന്ത്യൻ അസോസിയേഷൻ,അസോസിയേഷൻ ഹാളിൽ തന്നെയായിരുന്നു പ്രവാസി വോട്ടും വേദിയൊരുക്കിയത്.പ്രസിഡന്റ് സജാദ് നാട്ടികയാണ് ചർച്ചക്ക് തുടക്കം കുറിച്ചത്.മാറി മാറി ഭരിച്ച മുന്നണികൾ ഒരു കാലത്തും പ്രവാസികളുടെ ഉന്നമനത്തിന് വേണ്ടി യാതൊന്നും കാര്യമായി ചെയ്തിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം പാർലമെന്റിലും,നിയമസഭയിലും ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്ക് വേണ്ടി ജനപ്രതിനിധിയെ സൃഷ്ടിക്കുന്ന തരത്തിൽ പ്രവാസികൾക്കായി പ്രതിനിധിയെ കണ്ടെത്തണമെന്ന നിർദേശം പങ്കുവച്ചു.ഇൻകാസ് പ്രതിനിധി എംഎൻബി മുതലാളി,ഇടതുപക്ഷപ്രവർത്തകൻ അനിൽ പള്ളൂർ എന്നിവരായിരുന്നു മറ്റ് പ്രതിനിധികൾ.പ്രവാസികളുടെ ആരോഗ്യ വിഷയത്തിലുള്ള ഇടപെടലും ശക്തമായി ഉണ്ടാകണമെന്ന നിർദേശവും ചർച്ചയിൽ ഉന്നയിച്ചു.
അബുദാബി….
അബുദാബി മലയാളി സമാജത്തിന്റെ ഹാളിലാണ് പ്രവാസി വോട്ട് നടന്നത്.പ്രവാസികളുടെ വിഷയങ്ങളിൽ സംഘടനകൾക്ക് എങ്ങനെ ക്രിയാത്മകമായി ഇടപെടാൻ കഴിയുമെന്നായിരുന്നു പ്രധാന ചർച്ച.കുറച്ച് ദിവസങ്ങൾ നാട്ടിൽ അവധിക്ക് പോകുന്ന പ്രവാസികളുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി കിട്ടേണ്ട സർട്ടിഫിക്കറ്റികളെങ്കിലും ഏകജാലക സംവീധാനത്തിലൂടെ പെട്ടെന്ന് കിട്ടത്തക്ക തരത്തിലുള്ള നടപടി വേണമെന്ന് സംഘടനാ നേതാക്കളോട് ചർച്ചയിൽ ഉന്നയിരുന്നു.ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തയാറാണെന്ന് കോൺഗ്രസിന്റെ പ്രവാസി സംഘനയായ ഒഐസിസി പ്രസിഡന്റ് സുജാഹി പള്ളിക്കൽ,കെഎംസിസി അബുദാബി ജനറൽ സെക്രട്ടറി ഷൂക്കൂർ അലി കല്ലിംഗൽ,കേരളാ സോഷ്യൽ സെന്റർ പ്രസിഡന്റും ഇടതുപക്ഷ സഹയാത്രികനുമായ എൻ.വി.മോഹനൻ എന്നിവർ പറഞ്ഞു.സർക്കാർ തലത്തിൽ നടപ്പാക്കുന്ന പദ്ധതികൾ സാധാരണക്കാരായ പ്രവാസികളിലെത്തിക്കാൻ കൂടുതൽ പ്രവർത്തിക്കുമെന്ന് അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി സതീഷ് വ്യക്തമാക്കി.അബുദാബിയുടെ വിവിധി ഇടങ്ങളിൽ നിന്ന് നിരവധി പേരാണ് മുസ്സഫയിലെ മലയാളി സമാജത്തിൽ നടന്ന പ്രവാസി വോട്ടിൽ പങ്കെടുക്കാനെത്തിയത്.
കൽബ-ഫുജൈറ…….
ഫുജൈറയുടെയും ഷാർജയുടെയും അതിർത്തിയായ കൽബയിലായിരുന്ന പ്രവാസി വോട്ട്,കൽബ ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചറിൽ ക്ലബിൽ നടന്ന ചർച്ചയിൽ പ്രവർത്തി ദിവസമായിട്ടും നിരവധി പേർ തെരഞ്ഞെടുപ്പും,കേരളവികസനവും ചർച്ചയാകുന്ന പ്രവാസി വോട്ടിൽ പങ്കെടുക്കാനെത്തി.യാത്രാപ്രശ്നമായിരുന്നു പ്രധാന വിഷയം,ഫുജൈറിയിലെ വിമാനത്താവളം സിയാല് ഏറ്റെടുക്കുന്ന എന്ന അഭ്യൂഹം പോലും വലിയ ചർച്ചായി.ഇൻകാസിന്റെയും കൽബ ക്ലബ്വിന്റെയും പ്രസിഡന്റായ കെ.സി.അബൂബേക്കർ, കേരളത്തിൽ തുടർഭരണം ഉണ്ടാകുമെന്ന വിഷയത്തോടെയാണ് ചർച്ചക്ക് തുടക്കം കുറിച്ചത്.അഴിമതി രഹിത കേരളത്തെയാണ് ഇടതുപക്ഷം മുന്നോട്ട് വക്കുന്നതെന്ന് എം.ജി.യൂണിവേഴ്സിറ്റി മുൻ ചെയർമാൻ സൈമൺ സാമുവേൽ പറഞ്ഞു,കെഎംസിസി പ്രതിനിധി സി.കെ.അബൂബേക്കറും അതിഥിയായി പങ്കെടുത്തു.
മരണസർട്ടിഫിക്കറ്റ് പോലും കിട്ടാൻ മണിക്കൂറുകൾ വണ്ടി ഓടിച്ചാണ് ഫുജൈറയിലും കൽബയിലുമുള്ളവർ ഇന്ത്യൻ കോൺസുലേറ്റിൽ എത്തുന്നത്.കോൺസുലർ സേവനത്തിനായി ഫുജൈറക്കും കൽബക്കുമായി ഒരു സ്ഥിരം സംവീധാനം വേണമെന്ന ആവശ്യം ശക്തമായി പ്രവാസി വോട്ടിൽ ഉയർന്നു.
റാസൽഖൈമ……
ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു റാസൽഖൈമയിലെ പ്രവാസി വോട്ട്.പുതുതായി പണി തീർക്കുന്ന ഇന്ത്യൻ അസോസിയേഷൻ ഹാളിലായിരുന്നു പ്രവാസി വോട്ടിന്റെ ചിത്രീകരണം.റാസൽഖൈമയിലെ സംഘടനാ പ്രതിനിധികളായ എം.എ.സലീം,നാസർ അൽ മഹാ, ടി.എം.ബഷീർകുഞ്ഞ്,അജയകുമാർ,ബാബു,ദുർഗ്ഗാദാസ് എന്നിവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.വളരെ സജീവമായി പ്രവർത്തിക്കുന്ന അസോസിയേഷനുമായി സഹകരിച്ച് റാസൽഖൈയിലെ ആളുകൾക്ക് കോൺസുലർ സേവനങ്ങൾ ലഭ്യമാക്കണമെന്നായിരുന്നു പ്രധാന ആവശ്യം,ഒപ്പം തിരിച്ച് പോകുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കേരളസർക്കാർ മുൻകൈ എടുക്കണമെന്നും റാസൽഖൈമയിലെ പ്രവാസി മലയാളികൾ  പ്രവാസി വോട്ടിലൂടെ ആവശ്യപ്പെട്ടു.
ദുബായി…..
പ്രവാസി വോട്ട് തന്നെയായിരുന്നു ദുബായിൽ നടന്ന പ്രവാസി വോട്ടിലെ മുഖ്യ വിഷയം.ആയിക്കണക്കിന് വിദ്യാർത്ഥികൾ കേരളാ സിലബസിലും,സിബിഎസ് ഇ സിലബസിലും പഠിച്ച് ഇവിടെത്തന്നെ പരീക്ഷ എഴുതി പാസാകുന്നു.ഇത്തരം കാര്യങ്ങൾ ഇവിടെ വച്ച് ചെയ്യാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് പ്രവാസികൾക്ക് ഇവിടെ തന്നെ വോട്ട് ചെയ്യാൻ കഴിയുന്നില്ല എന്ന പ്രസക്തമായി ചോദ്യമാണ് പ്രവാസി വോട്ടിന്റെ വേദിയായ ഗൾഫ് മോഡൽ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് നജീദ് ഉന്നയിച്ചത്.മാന്യമായി ജീവിക്കാനുള്ള അന്തരീക്ഷമാണ് കേരളത്തിൽ ഉണ്ടാകേണ്ടതെന്ന് നൂറുകണക്കിനാളുകൾ പങ്കെടുത്ത ദുബായിലെ പ്രവാസി വോട്ട് ചർച്ച ചെയ്തു.ഇടതുപക്ഷ ചിന്തകൻ കെ.എൽ ഗോപി,ഒഐസിസി നേതാവ് അഡ്വാക്കേറ്റ് ടി.കെ.ഹാഷിഖ്,രമേഷ് മന്നത്ത് എന്നിവരായിരുന്നു പ്രധാന അതിഥികൾ.
മസ്കറ്റ്…...
മസ്കറ്റിലെ വാദി കബീറിലാണ് പ്രവാസി വോട്ടിന്റെ അവസാന അധ്യായം ചിത്രീകരിച്ചത്.മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ഗൾഫ് രാജ്യങ്ങളിലും നോർക്കയുടെ ഒരു ഉദ്യോഗസ്ഥനും,ഓഫീസും ഉയരണമെന്ന പ്രധാന നിർദേശമാണ് മസ്കറ്റുകാർ പ്രവാസി വോട്ടിലൂടെ മുന്നോട്ട് വച്ചത്.കേരളത്തിലെ രാഷ്ട്രീയവും വികസനവും ചർച്ചാവിഷയങ്ങളായവാദി കബീറിലെ ക്രിസ്റ്റൽ സ്യൂട്ടിൽ.  മുന്നണികളെ പ്രതിനിധീകരിച്ച് സിദ്ധിഖ് ഹസൻ,ബാലകൃഷ്ണൻ,അബൂബേക്കർ തളിപ്പറന്പ്,ചന്ദ്രശേഖരൻ എന്നിവരാണ് ചർച്ചയിൽ സജീവമായി പങ്കെടുത്തത്.
​വിവിധ ഇടങ്ങളിലായി നടന്ന പ്രവാസി വോട്ട് വെറും ചർച്ചായാക്കി മാത്രം അവസാനിപ്പിക്കാനല്ല മാതൃഭൂമി ന്യൂസ് ഉദ്ദേശിക്കുന്നത്.തെരഞ്ഞെടുപ്പിന് ശേഷം പ്രവാസികളുടെ വിഷയങ്ങൾ വേണ്ട സ്ഥലത്ത് വേണ്ട രീതിയിൽ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് പങ്കുവക്കുന്നത്.മെയ് പതിനാറിന് കേരളം പോളിംഗ് ബൂത്തിലേക്കെത്തുന്പോൾ പ്രവാസി മലയാളികളും ആകാംഷയിലും,ആവേശത്തിലുമാണ്,വലിയ വികസനം സ്വപ്നം കണ്ട് അവർ ഉറ്റുനോക്കുന്നു കേരളത്തിലേക്ക്...





Comments

Popular posts from this blog

ഞാനൊരു സുഹൃത്താണോ???

ജോസഫ് സ്റ്റാലിൻ ജനിച്ച ജോർജിയ....

ബാരൽ ബോംബിനെ തോൽപ്പിച്ച കുഞ്ഞ്...