യെമൻ എന്ന സുന്ദരമായ ചരിത്രമുള്ള നാടിനെപ്പറ്റി...ഒരു വീണ്ടുവിചാരം.

യെമനിലെ യുദ്ധഭൂമിയിൽ നിന്നും ഇന്ത്യാക്കാരെ രക്ഷപെടുത്തുന്ന ദൌത്യം റിപ്പോർട്ട് ചെയ്യാൻ ഇറങ്ങിത്തിരിച്ചിട്ട് ഇന്ന് ഒരാണ്ട് തികയുകയാണ്. എന്റെ മാധ്യമപ്രവർത്തന ജീവിതത്തിലെ വലിയ കാഴ്ചകളുടെ പശ്ചാത്തലത്തിൽ അന്നെഴുതിയ ചെറിയൊരു കുറിപ്പാണിത് സാധിക്കുന്നവർ വായിക്കുക..ഒപ്പം യെമനിലെ സമാധാനത്തിന് വേണ്ടി പോരാടി ജീവത്യാഗം ചെയ്ത യുഎഇയിലെ സൈനികർക്ക് അഭിവാദ്യങ്ങളും...


ഐപ്പ് വള്ളികാടൻ.
യെമനിലെ രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് റിപ്പോര്ട്ട് ചെയ്യാൻ പോയ ഏക ഇന്ത്യൻ ചാനലായ മാതൃഭൂമി ന്യൂസ് ചാനലിന്റെ മിഡിൽ ഈസ്റ്റിലെ ചീഫ് റിപ്പോർട്ടർ .
ജിബൂട്ടിയിലെ വിമാനത്താവളത്തിലും തുറമുഖത്തും നടന്ന രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് കണ്ട് റിപ്പോർട്ട് ചെയ്തു.
എയർ ഇന്ത്യയുടെ രക്ഷാ വിമാനത്തിൽ സന വിമാനത്താവളത്തിലും എത്തി റിപ്പോര്ട്ടിംഗ് നടത്തി
................
അവൾ സോളമൻ രാജാവിന് നൂറ്റി ഇരുപത് താലന്ത് സ്വർണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും കൊടുത്തു.ഷേബാ രാജ്ഞി സമ്മാനിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങൾ പിന്നീടാരും സോളമനു കൊടുത്തിട്ടില്ല.ബൈബിളിലെ പഴയനിയമത്തിൽ രാജാക്കൻമാരുടെ ഒന്നാം പുസ്തകത്തിലെ പത്താം അധ്യായത്തിലെ പത്താം വാക്യമാണ് ഇത്.ഷേബാരാഞ്ജിയുടെ രാജ്യമാണ് യെമനെന്നാണ് ചരിത്രം.
യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച യെമന്റെ തലസ്ഥാന നഗരമായ സനയെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയ ഇറ്റാലിയൻ കവിയും ചലച്ചിത്ര സംവീധായകനുമായ പീർ പൌലോ പസോളനി യെമനെ വിശേഷിപ്പിച്ചത് ലോകത്തെ ഏറ്റവും സുന്ദരമായ രാജ്യമെന്നാണ്.
ഷേബാരാഞ്ജിയുടെ സന്പത്തും,പസോളനി വിശേഷിപ്പിച്ച സൌന്ദര്യവും ഇഴകെട്ടി വായിച്ചാൽ ഒന്ന് തീർച്ചയാണ് പശ്ചിമേഷ്യയിലെ പ്രമുഖ രാജ്യം തന്നെയായിരുന്നു യെമൻ.എന്നാൽ ഇന്ന് രണ്ടേകാൽ കോടിയിലേറെ ജനസംഖ്യയുള്ള ഏഷ്യാവൻകരയുടെ ഈ അതിർത്തി രാജ്യം ഏറ്റവും ദരിദ്ര രാജ്യമായി കൂപ്പുകുത്തിയിരിക്കുന്നു,ഒപ്പം ആഭ്യന്തര സംഘർഷങ്ങളുടെ വിളനിലമായും.
...............
യെമന്റെ ഭൂമിശാസ്ത്രം
................
ഭൂമിശാസ്ത്രപരമായി വികസനത്തിലേക്ക് അതിവേഗം കുതിക്കാൻ കഴിയുമായിരുന്ന രാജ്യമായിരുന്നിട്ടും യെമൻ തളർന്ന് പോയതെവിടെയാണ് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇവിടെ അന്വേഷിക്കുന്നത്.രാജ്യത്തിന്റെ വടക്ക് സൌദി അറേബ്യയും,തെക്ക് ഏദൻ കടലിടുക്കും,അറബിക്കടലും,പടിഞ്ഞാറ് ഭാഗം ചെങ്കടലും കിഴക്ക് ഒമാനും അതിർത്തി തിട്ടപ്പെടുത്തുന്ന യെമനിൽ ഉള്ളിൽ പുകഞ്ഞ് നിൽക്കുന്ന അഗ്നിപർവതങ്ങളും,എണ്ണക്കുഴികളും,ദിനോസറുകളുടെ കാൽപാടുകൾ പതിഞ്ഞ പാറക്കൂട്ടങ്ങളും ഒക്കെയുണ്ട്.പ്രവാചകന്റെ കാലത്തിനും അപ്പുറം സഞ്ചാര യോഗ്യമായിരുന്ന പ്രധാന കപ്പൽ ചാലായ ബാബൽ മദ്നബും പുരാതന നാഗരികതയുടെ കേന്ദ്രമായ ഹദറൽമൌത്തും യെമനിലാണുള്ളത്.ചെങ്കടലിനെ ഏദൻ കടലിടുക്കുമായി ബന്ധിപ്പിക്കുന്ന സുപ്രധാന കടൽപാതയാണ് ബാബൽ മദ്നബ്.കാറ്റിന്റെ ഗതിയനുസരിച്ച് യാത്ര ചെയ്താൽ യമനിൽ നിന്നും ബോംബെയിലേക്കും,കോഴിക്കോട്ടെക്കും വേഗത്തിലെത്താൻ സാധിക്കുമായിരുന്നു.സുലൈമാൻ നബിയെന്ന് മുസ്ലീംങ്ങൾ പറയുന്ന ബൈബിളിലെ സോളമൻ രാജാവിന്റെ കൊട്ടാരം പണിയാൻ ബാഫറിൽ നിന്ന് മരം കൊണ്ടുവന്നുവെന്ന വിശേഷങ്ങൾ ബൈബിളിന്റെ പഴയനിമയത്തിലുണ്ട്.ഇതിൽ ബാഫർ എന്ന് പരാമർശിച്ചത് ബേപ്പൂർ ആണെന്നാണ് പഠനങ്ങൾ പറയുന്നത്.അങ്ങനെ നൂറ് നൂറ് പ്രത്യേകതകളുള്ള ഈ രാജ്യം വളർന്നില്ല,തളരുകയായിരുന്നു....
....
റിപ്പബ്ലിക്ക് ഓഫ് യെമൻ എന്ന യെമനെക്കുറിച്ച്.
..........
യെമൻ ആദ്യം വടക്കൻ യെമനെന്നും,തെക്കൻ യെമനെന്നുമാണ് അറിയിപ്പെട്ടിരുന്നത്.ബക്കിൽ,ഹാഷിദ് തുടങ്ങിയ ഗോത്രവർഗ്ഗങ്ങളുമായും മറ്റും ആലോചനകൾ നടത്തി 1990 ലാണ് യെമൻ റിപ്പബ്ലിക്ക് ഓഫ് യെമനായി രൂപാന്തരപ്പെട്ടത്.
അലി അബ്ദുള്ള സാലെയുടെ കീഴിലായിരുന്നു പതിറ്റാണ്ടുകളായി യെമൻ.2011ൽ ഹൂതികളും ഔദ്യോഗിക പക്ഷവും തമ്മിലുള്ള സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഗതി വന്നപ്പോൾ സൌദിയുടെ നേതൃത്വത്തിൽ ഗൾഫ് സഹകരണ കൌൺസിൽ യെമനിൽ ഇടപെട്ടു.ഐക്യരാഷ്ട്ര സഭയുടെ കൂടി സമ്മർദ്ദം ഏറിയപ്പോൾ സാലെ കടുംപിടുത്തം ഉപേക്ഷിച്ച് പ്രസിഡന്ര് കസേര ഒഴിഞ്ഞു.ഹൂതികളെ ഒരു പരിധി വരെ അംഗീകരിക്കുന്ന സാധാരണ ജനങ്ങളുടെ പ്രതിഷേധവും സാലെയുടെ രാജിക്ക് വേഗത കൂട്ടിയിരുന്നു.പുതിയ കരാർ വ്യവസ്ഥകളുണ്ടാക്കി വൈസ് പ്രസിഡന്റായിരുന്ന അബ്ദുറബ്ബ് മൻസൂർ ഹാദിയെ പ്രസിഡന്റാക്കി.ദേശീയ ഐക്യ സർക്കാരുമുണ്ടാക്കിയെങ്കിലും ഈ സർക്കാരിൽ ഇല്ലാതിരുന്നത് ഒന്ന് മാത്രമായിരുന്നു,ഐക്യം.
മൂന്ന് വർഷം തട്ടിയും മുട്ടിയും പോയ ഹാദി സർക്കാരിന് കഴിഞ്ഞ സെപ്റ്റംബർ മുതൽ രാജ്യത്തെ കാര്യങ്ങൾ നിയന്ത്രിക്കുക പ്രയാസമായി.
സെപ്റ്റംബറിൽ ഗോത്രവർഗ്ഗങ്ങളും,ഹൂതികളും,അൾഖ്വായ്ദയും ആക്രമണ പരന്പരകൾ ഊർജിതമാക്കി,ഹൂതി വിമതർ സെപ്റ്റംബറിൽ സനയിൽ അധികാരം പിടിച്ചെടുത്തു.പ്രസിഡന്റ് ഹാദിയും കൂട്ടാളികളും തുറമുഖ നഗരമായ ഏദനിലേക്ക് പലായനം ചെയ്തു.സനയിലെ പ്രസിഡന്റിന്റെ കൊട്ടാരവും,വിമാനത്താവളവും,തുറമുഖങ്ങളും, ഹൂതികളുെട കയ്യിലായി.
കഴിഞ്ഞ മാർച്ചിൽ ഹൂതികൾ ഏദനിലേക്കും കടന്നാക്രമണം നടത്തി.പ്രസിഡന്റ് ഹാദിയും,വിദേശകാര്യ മന്ത്രി റിയാദ് യാസിൻ അടക്കമുള്ള നേതാക്കൾ പ്രാണരക്ഷാർത്ഥം ഏദനിൽ നിന്നും സൌദിയിലേക്ക് പറന്നു.
നിലവിൽ രാജ്യത്തെ പ്രധാന സ്ഥലങ്ങളായ സന,ഏദൻ,സഅ്ദ തുടങ്ങിയ പ്രവിശ്യകളിലെല്ലാം ഹൂതികളുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.മുക്കല്ലയിൽ ഗോത്രവർഗങ്ങളും അൽ ക്വായ്ദയും പിടിമുറുക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
...............
െയമന്റെ ഭൂത-വർത്തനമാനകാലത്തെ ജനതകൾ
................
സുന്നി ഗോത്രവർഗ്ഗങ്ങളും,കമ്മ്യൂണിസ്റ്റുകാരും,പശ്ചാത്യ ശക്തികളും,ഹൂതികളും,അൽക്വയ്ദയും,ഐസിസ് തീവ്രവാദികളും,ഷേബാരാഞ്ജിയുടെ രാജ്യത്തെ സംഘർഷങ്ങളുടെയും,വേദനകളുടെയും വിലാപങ്ങളുടെയും നാടാക്കി മാറ്റിയിരിക്കുന്നു.െയമനിൽ ഇപ്പോഴുള്ള ജനസംഖ്യയിൽ ഇരുപത് ശതമാനം മാത്രമെ ഗോത്രവർഗ്ഗത്തിന്റെ രക്തമോട്ടമുള്ളവരുള്ളു.ബാക്കിയുള്ളവർ നഗരവാസികളുെട മണവും രുചിയും പിടിച്ചവരാണ്.
ക്രിസ്ത്യാനികളും ജൂതൻമാരും അധിവസിച്ചിരുന്ന നാട്ടിൽ ഏഴാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിന്റെ ആദ്യ കാലത്തുമാണ് ഇസ്ലാം മത വിശ്വാസം വേരൂന്നി വളർന്നത്.
ഇവരിൽ ഷിയാകളാണ് ഭൂരിപക്ഷം.മുഖ്യധാരാ ഷിയാകൾ പന്ത്രണ്ട് ഇമാമുമാരെ അംഗീകരിക്കുന്പോൾ യെമനിലെ 'സായ്ദി ഷിയകൾ' അഞ്ച് ഇമാമുമാരെയാണ് ഉൾക്കൊള്ളുന്നത്.മുപ്പത് പതിറ്റാണ്ടിലേറെ യെമനിൽ അധികാരത്തിലിരുന്ന പ്രസിഡന്റ് അലി അബ്ദുള്ള സാലേ 'സായിദ് ഷിയാ' പക്ഷക്കാരനായിരുന്നു.
യെമന്റെ തലസ്ഥാനമുൾപ്പെടെ രാജ്യം നിയന്ത്രണത്തിലാക്കിയ ഹൂതികൾ ഷിയകളാണ്.സൌദിയുമായി അതിർത്തി പങ്കിടുന്ന വടക്കൻ പ്രദേശത്ത് സുന്നി ഗോത്രവര്ഗ്ഗക്കാർ ഏറെയുണ്ട്.ഇസ്ലാം മത വിശ്വാസികളുടെ പുണ്യസ്ഥലങ്ങളായി പരിഗണിക്കപ്പെടുന്ന നിരവധി ആരാധനാലയങ്ങളും യെമനിലുണ്ട്.ഏഷ്യാ വൻകരയിൽ നിന്നും വർഷം തോറും മക്കയിലേക്കും മദീനയിലേക്കും പോകുന്നത് പോലെ ഇവിടേക്കും പ്രാർത്ഥനക്കായി എത്താറുണ്ട്.പതിറ്റാണ്ടുകളായ യെമനിൽ താമസമുറപ്പിച്ച മലയാളികൾ അടക്കമുള്ള വലിയൊരു വിഭാഗം വിദേശികളും ഇവിടെയുണ്ട്....
.........
ആരാണ് ഹൂതികൾ?
.....
2004ൽ സാലെ ഭരണകൂടത്തിന്റെ സൈന്യവുമായി നടന്ന പോരാട്ടത്തിൽ മരിച്ച ഹൂസൈൻ അൽ ഹൂതിയുടെ അനുയായികളാണ് ഹൂതികൾ എന്ന് ഒറ്റവാക്യത്തിൽ പറയാം.ഹൂസൈൻ അൽ ഹൂതിയുടെ സംഘം ശക്തിപ്പെട്ടത് എങ്ങനെയെന്ന് പരിശോധിക്കേണ്ടത് ഈ അവസരത്തിൽ അനിവാര്യമാണ്.
ലബനാനിലെ ഹിസ്ബുള്ളക്ക് സമാനമായ സൈനിക സംവീധാനമുള്ളവരാണ് ഹൂതികൾ,തീവ്രമത നിലപാടുകളും,ശരികളും തെറ്റുകളും ഉള്ളവർ.പരന്പരാഗത വേഷവിധാനങ്ങളും അരയിൽ ധരിക്കുന്ന മൂർച്ചയുള്ള കത്തിയും,കയ്യലേന്തിയ തോക്കുകളുമാണ് ഹൂതികളെ തിരിച്ചറിയാനുള്ള വഴി.
1960കളിൽ തെക്കൻ-വടക്കൻ യെമനിൽ നടന്ന ആഭ്യന്തര യുദ്ധത്തിൽ സർക്കാർ അടിച്ചമർത്തിയ ഷിയാ ഇസ്ലാമിന്രെ 'സായിദി' വിഭാഗത്തെ പുനരുജ്ജീവിച്ചാണ് ഹൂതികൾ പിച്ചവച്ചത്.33 കാരനായിരുന്ന അബ്ദുൾ മാലിക് അൽ ഹൂതി മികച്ചൊരു നേതാവായിരുന്നു,ഹൂതികൾക്ക് നാഷണൽ ഡയലോഗ് കോൺഫറൻസിൽ ഇരിപ്പിടം ഉറപ്പിക്കാനും ഇദ്ദേഹം വഴിയൊരുക്കി.കാലങ്ങൾക്ക് മുന്പ് തന്നെ യെമന്റെ വടക്കുള്ള സഅ്ദ പ്രവിശ്യയിൽ ഷിയാ പോരാളികൾ ഉണ്ടായിരുന്നു.വിശ്വാസിയായ യുവാവ് എന്നർത്ഥം വരുന്ന 'മുമാനിൽ' എന്ന് സംഘടനയാണ് പിന്നീട് ഹൂതികളുടെ കൂട്ടമായി മാറിയതെന്ന് അമേരിക്കയിലെ മേരി ലാന്റിലുള്ള ടൌസൺ സവർകലാശാലയിലെ ഗവേഷകൻ ചാൾസ് ഷ്മീറ്റ്സിന്റെ പഠനത്തിലുമുണ്ട്.
സോവിയറ്റ് യൂണിയന്റെ കാലത്തുള്ള ആയുധങ്ങൾ മുതൽ ഇപ്പോൾ നിലവിലുള്ള റോക്കറ്റ് റോഞ്ചർ വരെ ഹൂതികൾക്കുണ്ടെന്നാണ് നിരീക്ഷണം.സദ്ദാമിന്റെ കാലത്ത് വ്യാപകമായി കേട്ട സ്കഡ് മിസൈലുകളുടെ വലിയ ശേഖരവും ഇവർക്കുണ്ടെന്നും റിപ്പോർട്ടുണ്ട്.സനയില് സൂക്ഷിച്ചിരുന്ന വലിയ ആയുധ ശേഖരം സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രണത്തിൽ നശിപ്പിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും ഇതൊരുപരിധിവരെ ഹൂതികൾ സ്വന്തമാക്കിയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.മിഗ് വിമാനങ്ങൾ ഹൂതികൾക്കുണ്ടെങ്കിലും ഉപയോഗ ശൂന്യമായ രീതിയിലാണ് ഇവയൊക്കെയുമെന്നാണ് വിവരം.സാലെ അധികാരം കയ്യാളിയിരുന്ന സമയത്ത് അഴിമതിയില്ലാത്ത പ്രതിപക്ഷമായി യമനികളിൽ നല്ലൊരു വിഭാഗം ഹൂതകളെ പരിഗണിച്ചതായി പശ്ചിമേഷ്യയിലെ പ്രമുഖ ഗവേഷക സിൽവാന ടോസ്ക പറയുന്നു.
ഹൂതികൾക്കെതിരെ പോരാടിയിരുന്ന ഹാദി ഇന്ന് ഹൂതികൾക്കൊപ്പമാണ്.അദ്ദേഹത്തിന്റെ വിശ്വസ്ഥരായ ൈസനിക ഉദ്യോഗസ്ഥരുടെ പിന്തുണയും സഹായവും ആവോളം ലഭിച്ചതാണ് ഹൂതികളുടെ സനയിലെ മുന്നേറ്റം എളുപ്പമാക്കിയതെന്ന് മധ്യേഷ്യയിലെ നിരക്ഷകനായ പോൾ സള്ളിവൻ പറയുന്നു.
ഹാദിയുടെ ഹൂതികളുമായുളള വഴിവിട്ട ബന്ധത്തെപ്പറ്റി ആരോപണങ്ങൾ ഉയർന്നപ്പോൾ ഹാദി പറഞ്ഞത് വലിയ തലക്കെട്ടുകളായി പാശ്ചാത്യ മാധ്യമങ്ങളിൽ ഉയർന്നു.അതിങ്ങനെയായികുന്നു.'' ശക്തമായ ഭരണകൂടമില്ലാത്തതിനാൽ ഹൂതികൾ നിയന്ത്രണം കയ്യാളുന്നത് സ്വാഭാവികം മാത്രമാണ് ''
..........
യെമനും കേരളവും.........
............
മുവായിരം വർഷങ്ങൾക്ക് മുന്പ് തന്നെ യെമനും മലബാറും തമ്മിൽ ബന്ധമുണ്ട്.
യെമൻ പ്രവിശ്യായ ഹദറൽ മൌത്തിൽ(ഇപ്പോൾ ഹൊദൈദ എന്ന തുറമുഖമാണ് ഈ പേരിനേക്കാൾ പ്രശസ്തം) നിന്നും യമനികൾ മലബാറിലെത്തിയിരുന്നു.കച്ചവടത്തിനൊപ്പം ഇസ്ലാം മത പ്രചാരണത്തിനും കൂടിയാണ് ഇവർ മാസങ്ങളെടുത്ത് പായ്ക്കപ്പലിൽ എത്തിയതെന്ന് ഗവേഷകനായ സുബൈർ ഹുദാവി തന്റെ 'Hadrami diaspora in Indian Ocean territories, with special reference to Malabar' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിട്ടുണ്ട്.
ഇസ്ലാമിന്റെ പ്രചാരണത്തിന് വേണ്ടി ഹദറൽ മൌത്തിൽ നിന്ന് ഹിജ്‌റ 1181 ല്‍ കേരളത്തിലെത്തിയ ശിഹാബ് കുടുംബത്തിന്റെ ശില്‍പിയായ സയ്യിദ് ശിഹാബുദ്ദീന്‍ അലിയ്യുല്‍ ഹള്‌റമിയുടെ പുത്രന്‍ സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ മകന്‍ സയ്യിദ് മുഹ്‌ളാര്‍ തങ്ങള്‍ ശിഹാബുദ്ദീന്‍ മകന്‍ സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളിലൂടെയാണ് ശിഹാബ് കുടുംബം പാണക്കാട്ടെത്തിയതെന്ന് ഡോക്ടർ ഹുസൈൻ രണ്ടത്താണിയുടെ പഠനങ്ങളിലുമുണ്ട്.
യമനികൾ കഴിഞ്ഞാൽ ഈ രാജ്യത്ത് ഏറ്റവും കൂടുതൽ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നത് മലയാളികളാണെന്ന് പറഞ്ഞാൽ അത് ഒട്ടും അതിശിയോക്തിയാവില്ല.രാജ്യത്തെ ചെറിയ ആശുപത്രിയിൽ പോലും പത്തിലധികം മലയാളി നഴ്സുമാരുണ്ടാകുമെന്നാണ് കണക്ക്.
............
എഴുത്ത് തുടരും....യെമനിൽ വെടിയൊച്ചകൾ നിലക്കുന്നു....

Comments

Popular posts from this blog

An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..